പ്രതിസന്ധികള്‍ക്കിടയില്‍ പാര്‍ലമെന്റ് സമ്മേളനം
ശൈത്യകാലസമ്മേളനത്തിനു പാര്‍ലമെന്റ് തുടക്കം കുറിച്ചിരിക്കുകയാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനം പ്രതീക്ഷിക്കുന്നതുപോലെ പ്രക്ഷുബ്ധമാകാനാണു സാധ്യത. അതിന്റെ അനുരണനങ്ങള്‍ പാര്‍ലമെന്റില്‍ കഴിഞ്ഞദിവസംതന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജീവന് ആരാണു ഭീഷണിയുയര്‍ത്തുന്നതെന്നു വെളിപ്പെടുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജ്യം ഗുരുതരമായ നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ടു ഉഴറുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ സാമൂഹ്യതലത്തില്‍ വരുത്തിയ പ്രത്യാഘാതങ്ങള്‍ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തികരംഗമാകെ താറുമാറായിക്കഴിഞ്ഞു. മുന്നൊരുക്കമില്ലാതെ ആയിരം രൂപയുടെയും അഞ്ഞൂറു രൂപയുടെയും നോട്ടുകള്‍ ഒരുരാത്രികൊണ്ട് അസാധുവാക്കിയതിനെത്തുടര്‍ന്നു രാജ്യമൊട്ടാകെ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പിടിയില്‍പ്പെട്ട പ്രതീതിയാണുണ്ടായത്.
കൂലിപ്പണിക്കു പോകാനാവാതെ ദിവസം മുഴുവന്‍ പൊരിവെയിലത്ത് ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂനില്‍ക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു സാധാരണ ജനത. എന്നാല്‍, വിജയ്മല്യ അടക്കമുള്ള കോടീശ്വരന്മാരുടെ കിട്ടാക്കടം എഴുതിത്തള്ളുകയും ചെയ്തിരിക്കുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കള്ളപ്പണക്കാരുടെ മാത്രം കൈവശമാണിരിക്കുന്നതെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തില്‍ എടുത്തുചാടി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഭൂരിപക്ഷം സാധാരണക്കാരെയും പട്ടിണിയിലേയ്ക്കാണു തള്ളിവിട്ടിരിക്കുന്നത്. കള്ളപ്പണം കറന്‍സിയായി പത്തുശതമാനം മാത്രമേ പുറത്തുള്ളുവെന്നു കഴിഞ്ഞദിവസം ധനമന്ത്രി തോമസ് ഐസക് വെളിപ്പെടുത്തുകയുണ്ടായി.
കള്ളപ്പണത്തിനെതിരേയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയാലും കാര്‍പ്പറ്റ് ബോംബിങ് ആയാലും സാധാരണജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നത് അവസാനിപ്പിക്കണമെന്നു സുപ്രിംകോടതിയും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഏകസിവില്‍കോഡ്, ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം, കശ്മീര്‍ പ്രക്ഷോഭം, ദലിത് പീഡനങ്ങള്‍, കര്‍ഷക ആത്മഹത്യ തുടങ്ങി നിരവധി വിഷയങ്ങള്‍ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെയെല്ലാം മറച്ചുപിടിക്കാനെന്നവണ്ണം ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം സദുദ്ദേശ്യപരമല്ല.
മുത്വലാഖിന്റെ മറവില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പിന്നാമ്പുറത്തിലൂടെ തകൃതിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന് ഒരുമാസം തികഞ്ഞു. നജീബിനെ കണ്ടെത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആദ്യം അമ്പതിനായിരവും പിന്നീട് ഒരു ലക്ഷവും പ്രഖ്യാപിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ജെ.എന്‍.യുവിലെ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 15 നാണു നജീബ് അഹമ്മദിനെ കാണാതായത്. മൂന്നുദിവസംമുമ്പ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സി.ബി.ഐ അന്വേഷണം വേണമെന്നു നജീബിന്റെ മാതാവ് ഫാത്തിമ നഫീസ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെക്കണ്ട് അഭ്യര്‍ഥിച്ചെങ്കിലും നടപടിയുണ്ടായില്ല. നജീബിനെ മര്‍ദിച്ച എ.ബി.വ.ിപി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നെങ്കില്‍ എപ്പോഴേ ഈ കേസ് തെളിയുമായിരുന്നു. ഇവിടെയും സമരജ്വാല ആളിപ്പടരാനിരിക്കുകയാണ്.
കശ്മീരിലെ പ്രക്ഷോഭം തടയാന്‍ ക്രിയാത്മകമായ നടപടികളൊന്നും സര്‍ക്കാര്‍ നടത്തുന്നില്ല. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്ത് അവരുടെ വിശ്വാസമാര്‍ജിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതു മുതലെടുത്ത് അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പട്ടാളത്തിനുനേരേയുള്ള കല്ലേറുകള്‍ കശ്മീരില്‍ കുറഞ്ഞിട്ടുണ്ടെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ പ്രസ്താവന പക്വതയില്ലായ്മയെയാണു പ്രകടമാക്കുന്നത്.
ഉല്‍പന്നങ്ങള്‍ക്കു വിലകിട്ടാതെ കര്‍ഷക ആത്മഹത്യ പെരുകിക്കൊണ്ടിരിക്കുന്നതു സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. കാര്‍ഷികകടത്തിനു മൊറോട്ടോറിയം പ്രഖ്യാപിക്കുകയോ എഴുതിത്തള്ളുകയോ ചെയ്യുന്നില്ല. നോട്ട് അസാധുവാക്കലിന്റെ മറവില്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കാനുദ്ദേശിക്കുന്ന ഇത്തരം വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചൂടേറിയചര്‍ച്ചയ്ക്കു വിധേയമാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."