ജില്ലയില്‍ സഹകരണ ഹര്‍ത്താല്‍ പൂര്‍ണം
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സഹകരണ മേഖലയുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സഹകരണ ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെല്ലാം നിശ്ചലമായി. ജില്ലയിലെ എണ്ണൂറോളം സഹകരണ സ്ഥാപനങ്ങള്‍ ഹര്‍ത്താലില്‍ പങ്കെടുത്തു. സഹകരണ മേഖലയിലെ അവശ്യസര്‍വിസായ ആശുപത്രി, പാല്‍ സൊസൈറ്റികള്‍ എന്നിവ മാത്രമാണ് പ്രവര്‍ത്തിച്ചത്.
അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഈ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപമായി സ്വീകരിക്കാനും പാടില്ല. ലോണ്‍ തിരിച്ചടക്കാനോ പണം പിന്‍വലിക്കാനോ ഇടപാടുകാര്‍ക്ക് കഴിയുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ജനങ്ങളെ വലയ്ക്കുന്ന സാഹചര്യത്തിലായിരുന്നു ഹര്‍ത്താല്‍. സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ സഹകാരികളും ജീവനക്കാരും ആദായ നികുതി ഓഫിസിലേക്ക് മാര്‍ച്ചും നടത്തി.
സഹകരണ ബാങ്കുകള്‍ക്ക് ആവശ്യമായ പണം എത്തിക്കുക, 500 രൂപ നോട്ടുകള്‍ ഉടന്‍ ബാങ്കുകളില്‍ എത്തിക്കുക, എ.ടി.എം പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. നൂറുകണക്കിന് സഹകാരികളും ജീവനക്കാരും മാര്‍ച്ചില്‍ പങ്കെടുത്തു. സഹകരണ മേഖലയെ മാറ്റിനിര്‍ത്തുന്ന നടപടിക്കെതിരേ മാര്‍ച്ചില്‍ ജനരോഷമുയര്‍ന്നു. ജില്ലാ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ. രമേശ്ബാബു അധ്യക്ഷനായി. കെ.സി അബു, എം. ഭാസ്‌കരന്‍, ടി.വി ബാലന്‍, ഇ.പി ദാമോദരന്‍, ഇ.പി കുഞ്ഞികൃഷ്ണന്‍, സി.പി ഹമീദ്, വീരാന്‍കുട്ടി, ഇ.സി മുഹമ്മദ്, കെ. രാമചന്ദ്രന്‍, സി.വി അജയന്‍, അഷ്‌റഫ് മണക്കടവ്, എന്‍.വി കോയ, എം. ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."