ഗുണ്ടാകേസ്: സി.പി.എം നേതാവ് സക്കീറിന് ജാമ്യമില്ല
കൊച്ചി: വ്യവസായിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഎം നേതാവ് സക്കീര്‍ ഹുസൈന് ജാമ്യമില്ല. സക്കീറിനെ ഡിസംബര്‍ ഒന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു.
ഇന്ന് രാവിലെയാണ് സക്കീര്‍ പോലീസില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
സക്കീറിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സ്ഥിരം പ്രശ്നക്കാരനാണ് സക്കീറെന്നും ജാമ്യം നല്കിയാല് സക്കീര്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ സക്കീറിനെതിരെ 15 കേസുകള്‍ നിലവിലുണ്ട്.
റൗഡി ലിസ്റ്റില്‍ പേരുള്ള ആളാണ് സക്കീറെന്നും ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
വ്യവസായിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സി.പി.എം നേതാവ് സക്കീര്‍ ഹുസൈന് ഇന്ന് രാവലെയാണ് കീഴടങ്ങിയത്. രാവിലെ കമ്മിഷണര്‍ ഓഫിസില്‍ രഹസ്യമായി എത്തി കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് സക്കീര്‍ കീഴടങ്ങിയത്.
മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ചാണ് സക്കീര്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലെത്തിയത്.സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്.
ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് ഹാജരാകാനാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി സക്കീര്‍ ഹുസൈന് നിര്‍ദേശം നല്‍കിയത്.
എറണാകുളം സ്വദേശിയായ വ്യവസായി ജൂബി പൗലോസിന്റെ പരാതിയിലാണ് സക്കീറിനെതിരേ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."