ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 187 കോടി രൂപ: കെ.സി രാജന്‍
കൊല്ലം: സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക പരിഷ്‌ക്കരണം മൂലം ജില്ലയിലെ സഹകരണബാങ്കുകളില്‍ 187 കോടിരൂപ കെട്ടിക്കിടക്കുകയാണെന്നു ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍,സഹകരണ ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്) പി.പി ജോര്‍ജ്ജ്,ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)എ.എസ് ഷീബാ ബീവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സഹകരണബാങ്ക്,14 ജില്ലാസഹകരണബാങ്കുകള്‍, 61 അര്‍ബന്‍ സഹകരണബാങ്കുകള്‍ എന്നിവ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ നിയമം പ്രകാരം ജില്ലാ സഹകരണബാങ്കുകള്‍ക്കു മാത്രമാണ് പഴയ നോട്ടു കൈകാര്യം ചെയ്യാന്‍ അനുവാദമില്ലാത്തതെന്ന് കെ.സി രാജന്‍ പറഞ്ഞു. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരം ജില്ലാ ബാങ്കില്‍ പരിശോധന നടത്തിയെന്നും എന്നാല്‍ ഇതിനെതിരെ സംസ്ഥാനത്തെ എല്ലാ ജില്ലാ ബാങ്കുകളും ഹൈക്കോടതില്‍ കേസ് ഫയല്‍ചെയ്തതായി കെ.സി രാജന്‍ പറഞ്ഞു. കൊല്ലം സിറ്റി സര്‍വ്വീസ് സഹകരണബാങ്കിന് നല്‍കിയ വായ്പ തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ നടത്തുകയാണ്. 2000 ആദ്യമാണ് വായ്പ നല്‍കിയത്.
63-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന് ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9ന് സഹകരണ വിളംബര ഘോഷയാത്ര ക്യൂ.എ.സി ഗ്രൗണ്ടില്‍ മേയര്‍ വി രാജേന്ദ്രബാബു ഫ്‌ളാഗോഫ് ചെയ്യും. രാവിലെ 10ന് ഡെ.സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മുതിര്‍ന്ന സഹകാരികളെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആദരിക്കും.
എം മുകേഷ് എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്യും. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്,കെ സോമപ്രസാദ്,എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍,ആര്‍ രാമചന്ദ്രന്‍,എന്‍ വിജയന്‍പിള്ള,അയിഷാ പോറ്റി,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ,വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, മുന്‍മന്ത്രി സി.വി പത്മരാജന്‍,ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്,ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)എ.എസ് ഷീബാ ബീവി തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."