ഇനി സഭയില്‍ താരങ്ങള്‍ രണ്ട്
തിരുവനന്തപുരം: നിയമസഭയില്‍ ഇനി ചലച്ചിത്ര താരങ്ങള്‍ രണ്ടാണ്. മുകേഷും, ഗണേഷ്‌കുമാറും. നിലവില്‍ എം.എല്‍.എ ആയിരുന്ന സിനിമാ താരം കെ.ബി ഗണേഷ്‌കുമാര്‍ മികച്ച വിജയത്തിലൂടെ പത്തനാപുരം മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ കൊല്ലത്ത് ചെങ്കൊടി പാറിച്ചുകൊണ്ടാണ് മുകേഷ് നിയമസഭയിലേക്ക് എത്തുന്നത്. മത്സര രംഗത്ത് ഇത്തവണ താരങ്ങള്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
ജഗദീഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ അവിടെ തന്നെ ബി.ജെ.പി ടിക്കറ്റില്‍ ഭീമന്‍ രഘു മത്സരിച്ചു. സംവിധായകന്‍ രാജസേനന്‍ ബി.ജെപി സ്ഥാനാര്‍ഥിയായി അരുവിക്കരയില്‍ മത്സരിച്ചു. കുണ്ടറയില്‍ മത്സരിച്ച കോണ്‍ഗ്രസ് വക്താവു കൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും നിലമ്പൂരില്‍ മത്സരിച്ച ആര്യാടന്‍ ഷൗക്കത്തിനും സിനിമാബന്ധം കൂടിയുണ്ട്.
താരപോരാട്ടം കൊണ്ടു ശ്രദ്ധേയമായത് പത്തനാപുരമായിരുന്നു. കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച നടന്‍ ജഗദീഷിനെ 24,562 വോട്ടുകള്‍ക്കാണ് കെ.ബി ഗണേഷ്‌കുമാര്‍ പരാജയപ്പെടുത്തിയത്.
ഇത് മൂന്നാം തവണയാണ് കെ.ബി ഗണേഷ് കുമാര്‍ വിജയിക്കുന്നത്. ഇവിടെ മത്സരിച്ച മറ്റൊരു നടന്‍ ഭീമന്‍ രഘു 11700 വോട്ടുകള്‍ മാത്രമാണ് നേടിയത്. ഗണേഷ്‌കുമാറിനു വേണ്ടി വോട്ടു ചോദിക്കാനായി സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തിയത് വന്‍ വിവാദമായിരുന്നു. അതു വകവയ്ക്കാതെ ദിലീപും പ്രചാരണത്തിന് എത്തിയിരുന്നു.
സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് പി.കെ ഗുരുദാസന്റെ പകരക്കാരനായാണ് മുകേഷ് ജന്മനാടായ കൊല്ലത്ത് ജനവിധി തേടിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സൂരജ് രവിക്കെതിരേ 17,611 വോട്ടുകള്‍ക്കാണ് മുകേഷ് ജയിച്ചത്. മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയും പ്രതിഷേധം ഉണ്ടായിരുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇന്നസെന്റ് മുകേഷിനു വേണ്ടി വോട്ടു തേടാന്‍ എത്തിയിരുന്നു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു മുകേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."