കോണ്‍ഗ്രസിനു തിരിച്ചടി; നാലുജില്ലകളില്‍ പ്രാതിനിധ്യമില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടി. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിനു 22 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം യു.ഡി.എഫില്‍ 24 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗിനു 18സീറ്റില്‍ വിജയിക്കാനായി. മന്ത്രിമാരായ കെ. ബാബു, പി.കെ ജയലക്ഷ്മി, സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി എന്നിവരടക്കം കോണ്‍ഗ്രസിലെ പല സിറ്റിങ് എം.എല്‍.എമാരും പരാജയപ്പെട്ടു.
അതേസമയം ഭരണത്തുടര്‍ച്ച എന്ന സ്വപ്നം തകര്‍ന്നതോടെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകില്ലെന്നാണു സൂചന. വിജയിച്ച കോണ്‍ഗ്രസ് പ്രതിനിധികളില്‍ ഐഗ്രൂപ്പിനാണ് മേല്‍ക്കൈ.
ഈ സാഹചര്യത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഇല്ലെന്നും ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ കെ. ബാബു, ഡൊമനിക്ക് പ്രസന്റേഷന്‍, ടി.സിദ്ദിഖ്, എന്‍.ശക്തന്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടപ്പോള്‍ പ്രമുഖ ഐഗ്രൂപ്പ് നേതാക്കളായ കെ.മുരളീധരന്‍, വി.എസ് ശിവകുമാര്‍, വി.ഡി സതീശന്‍ എന്നിവര്‍ വിജയിച്ചത് ചെന്നിത്തലക്ക് ആശ്വാസമാകും. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ കൊല്ലത്തും ഇടുക്കിയിലും കോഴിക്കോടും കാസര്‍ഗോഡും ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല.
പത്തനംതിട്ടയില്‍ കോന്നിയിലും ആലപ്പുഴയില്‍ ഹരിപ്പാടും കോട്ടയം ജില്ലയില്‍ കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലും തൃശൂരില്‍ വടക്കാഞ്ചേരിയിലും പാലക്കാട് ജില്ലയില്‍ പാലക്കാടും തൃത്താലയിലും മലപ്പുറത്ത് വണ്ടൂരിലും വയനാട് സുല്‍ത്താന്‍ ബത്തേരിയിലും കണ്ണൂരില്‍ ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിലും അങ്കമാലിയിലും ആലുവയിലും പറവൂരിലും എറണാകുളത്തും കുന്നത്തുനാട്ടിലും വിജയിക്കാന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്റെ ജില്ലകളിലെ മികച്ച വിജയം. 2011ലെ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യു.ഡി.എഫ് 11 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇത്തവണ അത് ഒന്‍പതായി കുറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടായത് അപ്രതീക്ഷിത തോല്‍വി ആണെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും ജനവിധി അംഗീകരിക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."