അധ്യാപകന്റെ മര്‍ദനം: ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്കേറ്റതായി പരാതി
വടകര: അധ്യാപകന്റെ മര്‍ദനത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്ക് പരുക്കേറ്റതായി പരാതി. പുതുപ്പണം ചെട്ട്യാത്ത് യു.പി സ്കൂള്‍ വിദ്യാര്‍ഥിയായ അഭിഷേകിനാണ് (12) പരുക്കേറ്റത്. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് തയ്യുള്ളതില്‍ രാജേഷിന്റെ മകനാണ് അഭിഷേക്. വിദ്യാര്‍ഥിയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും പുറത്തും മുഖത്തുമെല്ലാം അടിയേറ്റ പരുക്കുകളുണ്ട്. കൂടാതെ കൈയിന്റെ എല്ലിനു ചതവുമുണ്ട്. പുറത്ത് അടികൊണ്ടതിന്റെ പാടുകള്‍ വ്യക്തമായി കാണാം. ക്ലാസിലെ മറ്റൊരു വിദ്യാര്‍ഥിയെ തല്ലുമ്പോള്‍ അഭിഷേകിന് അടിയേല്‍ക്കുകയായിരുന്നു. എന്തിനാണ് തന്നെ തല്ലിയതെന്ന് ചോദിച്ചപ്പോള്‍ നിന്നെ അടിച്ചാല്‍ എന്തുചെയ്യുമെന്ന് ചോദിച്ച് പൊതിരെ തല്ലുകയായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു.
തല്ലിയ അധ്യാപകനെതിരേ നേരത്തെയും പരാതികളുണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍ ബാലാവകാശ കമ്മിഷനും ഇയാള്‍ക്കെതിരേ അന്വേഷണം നടത്തിയിരുന്നു. കൂടാതെ പൊലിസിലും പരാതികളുണ്ട്. ഇതിന്റെ പേരില്‍ പി.ടി.എ പ്രസിഡന്റിനോടുള്ള വിദ്വേഷം മകനോട് തീര്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കുട്ടികളെ തല്ലുന്നത് നിര്‍ത്തണമെന്ന് മറ്റ് അധ്യാപകരടക്കം ആവശ്യപ്പെട്ടിട്ടും ഇയാള്‍ പിന്മാറിയില്ലെന്നും പറയപ്പെടുന്നു. ഭയം കാരണം മിക്ക കുട്ടികളും സംഭവം വീട്ടില്‍ പറയാറില്ല. തലക്ക് മര്‍ദനമേറ്റ അഭിഷേക് വീട്ടിലെത്തിയ ശേഷം രണ്ടുതവണ ഛര്‍ദിച്ചു. ഷര്‍ട്ട് അഴിച്ചപ്പോള്‍ പുറത്ത് പാട് കണ്ട വീട്ടുകാര്‍ ഇക്കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാവിലെ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തിയിരുന്നു. വടകര എസ്.ഐ എ.ജി ബിപിന്റെ നേതൃത്വത്തിലെത്തിയ പൊലിസ് അധ്യാപകനെതിരേ കേസെടുത്തതിനു ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."