കടലിരമ്പത്തില്‍ ഉലയാതെ പച്ചക്കോട്ട
പലയിടത്തും ഭൂരിപക്ഷം കുറഞ്ഞു; താനൂരില്‍ തോല്‍വി
മലപ്പുറം: ഇടത്തോട്ടുള്ള കനത്ത കാറ്റിലും കടലിരമ്പത്തിലും ഉലയാതെ ജില്ലയില്‍ വീണ്ടും ഹരിത വിപ്ലവം. ജില്ല മുസ്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് ഈ മിന്നും ജയം. ഇടതു തരംഗത്തില്‍തട്ടി സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളും ആടിയുലഞ്ഞപ്പോള്‍ മലപ്പുറത്തിനു യു.ഡി.എഫിനൊപ്പം നിലനില്‍ക്കാനായതു ലീഗിന്റെ കരുത്തിലായിരുന്നു.
മത്സരിച്ച 12 മണ്ഡലങ്ങളില്‍ പതിനൊന്നിലും വിജയിച്ചെങ്കിലും ഉത്ഭവകാലം മുതല്‍ ഒപ്പംനിന്ന താനൂര്‍ നഷ്ടമായതു ലീഗിന്റെ അപ്രമാദിത്വത്തിന് അപവാദമായി. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും കനത്ത മത്സരം നടന്നപ്പോള്‍ പലതിലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ജയിച്ചുകയറിയതു ലീഗിന്റെ ആഴത്തിലുള്ള സ്വാധീനത്തിലാണ്. 16 മണ്ഡലമുള്ള ജില്ലയില്‍ ഒരു സീറ്റ് കോണ്‍ഗ്രസില്‍നിന്നും ഒരു സീറ്റ് ലീഗില്‍നിന്നും ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. ഇടതു സ്വതന്ത്ര പരീക്ഷണമാണ് രണ്ടു സീറ്റുകള്‍ പിടിച്ചെടുത്തതിലേക്കെത്തിച്ചത്.
കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമിട്ട (44,508) മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി. ഉബൈദുള്ളയ്ക്ക് ഇക്കുറി കിട്ടിയത് 35,672 വോട്ടിന്റെ ഭൂരിപക്ഷം. ഏറനാട് മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ പി.കെ ബഷീര്‍ മിന്നും വിജയമാണ് നേടിയത്. ഭൂരിപക്ഷം 11,246ല്‍നിന്ന് 12,893 ആയി വര്‍ധിപ്പിച്ചു. ലീഗിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കും മണ്ഡലം മികച്ച വിജയമാണ് നല്‍കിയത്. 38057 ആണ് ഭൂരിപക്ഷം.
നിലമ്പൂരില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് മാറിനിന്നു മകനെ സ്ഥാനാര്‍ഥിയാക്കി പിന്നില്‍നിന്നു പ്രചാരണം നയിച്ചിട്ടും ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ 11,504 വോട്ടിനാണ് ജയിച്ചത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു നിലമ്പൂരില്‍ നിലനില്‍പ്പുണ്ടാക്കിയ ആര്യാടന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് നേടിയ 5,598 വോട്ടിന്റെ ഭൂരിപക്ഷം മറിച്ചാണ് അന്‍വര്‍ ഈ നേട്ടം കൊയ്തത്. വണ്ടൂരില്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ മാനംകാത്ത എ.പി അനില്‍കുമാര്‍ കഴിഞ്ഞ തവണ നേടിയ 28,912 ഭൂരിപക്ഷത്തില്‍നിന്ന് അല്‍പം കുറഞ്ഞെങ്കിലും 23,864ല്‍ പിടിച്ചുനിന്നു.
ലീഗില്‍ നേട്ടം മാത്രം കൊയ്ത അബ്ദുറഹിമാന്‍ രണ്ടത്താണിക്കെതിരേ താനൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇടതു സ്വതന്ത്രന്‍ വി. അബ്ദുറഹിമാന്‍ വിജയക്കൊടി പാറിച്ചത്. 4,918ന്റെ ഭൂരിപക്ഷത്തിനാണ് വി. അബ്ദുറഹിമാന്‍ വിജയിച്ചത്. പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷം സീറ്റ് നിലനിര്‍ത്തി. പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി അജയ്‌മോഹന്‍ ശക്തമായ മത്സരം ഉയര്‍ത്തിയെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇടതു സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണന്‍ 4,101 ല്‍നിന്ന് ഭൂരിപക്ഷം 15,640 ആയി ഉയര്‍ത്തി. തവനൂരിലെ ഇടതു സ്വതന്ത്രന്‍ കെ.ടി ജലീലും 6,854ല്‍നിന്ന് ഭൂരിപക്ഷം 17,064 ആയി ഉയര്‍ത്തി. സി.പി.എം പാര്‍ട്ടി ചിഹ്നത്തില്‍ അഡ്വ. ടി.കെ റഷീദലിയെ മത്സരിപ്പിച്ച് അട്ടിമറി സാധ്യത ഉയര്‍ത്തിയ മങ്കടയില്‍ വിവിധ ഘടകങ്ങള്‍ എതിരായിട്ടും സിറ്റിങ് എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ 1,508 വോട്ടിനു വിജയിച്ചുകയറി.
പെരിന്തല്‍മണ്ണയില്‍ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ മഞ്ഞളാംകുഴി അലി 579 വോട്ടിനാണ് ലീഗിന്റെ മാനം കാത്തത്. വി. ശശികുമാറുമായി കഴിഞ്ഞ തവണത്തെ പോരാട്ടം ആവര്‍ത്തിച്ചപ്പോള്‍ 9,589 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച അലിക്കാണ് ഫോട്ടോ ഫിനിഷില്‍ ഗ്ലാമര്‍ മങ്ങിയത്. തിരൂരങ്ങാടി മണ്ഡലത്തില്‍ സംഘടനാ കാര്‍ഡുവരെ പുറത്തെടുത്ത നിയാസ് പുളിക്കലകത്ത് മന്ത്രി പി.കെ അബ്ദുറബ്ബിനോട് പരാജയപ്പെടുകയായിരുന്നു. തിരൂരില്‍ സിറ്റിങ് എം.എല്‍.എ സി. മമ്മുട്ടിയും സീറ്റ് നിലനിര്‍ത്തി. കൊണ്ടോട്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി ഇബ്‌റാഹീം 10,654 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ 15,042, വള്ളിക്കുന്നില്‍ പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ 12,610, മഞ്ചേരിയില്‍ അഡ്വ. എം. ഉമ്മര്‍ 19,616 എന്നിവരും ജയിച്ചുകയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."