ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം: ശരീരം തളര്‍ന്ന യുവതി പരാതിയുമായി വനിതാ കമ്മിഷനില്‍
കോട്ടയം: ആദ്യം ചവിട്ട്, പിന്നെ തൊഴി, ഒടുവില്‍ വലിച്ചു മുറ്റത്തേക്ക് ഒരേറ്. എറിഞ്ഞതോ സ്വന്തം ഭാര്യയെ. തുടക്കം മുതലേ ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദനമെല്ലാം സഹിച്ചു കഴിഞ്ഞ യുവതിക്ക് ഒടുവില്‍ ഏല്‍ക്കേണ്ടിവന്നത് വന്‍ദുരന്തമായിരുന്നു. ഇന്നലെ കോട്ടയം കലക്ടറേറ്റില്‍ നടന്ന വനിതാ കമ്മിഷന് അദാലത്തില്‍ എത്തിയ ഏറ്റവും ദയനീയമായ കാഴ്ച്ചയായിരുന്നു അത്. മദ്യപാനിയായ ഭര്‍ത്താവിന്റെ ചവിട്ടില്‍ ശരീരം തളര്‍ന്ന 33 വയസുള്ള യുവതിയെ എടുത്തുകൊണ്ടാണ് സഹോദരന് അദാലത്തിനെത്തിയത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനിയാണ് പരാതിക്കാരി.
ആറുമാസമായി ഇവര്‍ തളര്‍ന്ന് കിടപ്പിലാണ്. യുവതിയുടെ ഭര്‍ത്താവ് സുമേഷ് മദ്യപിച്ചെത്തി യുവതിയുടെ കാല് തല്ലി ഒടിക്കുകയായിരുന്നു പൊലിസില്‍ പരാതി നല്‍കിയെങ്കിലും പരസ്പരം ഒത്തു തീര്‍പ്പിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സുമേഷ് മദ്യപിച്ച് ഭാര്യയെ ദ്രോഹിക്കുന്നത് തുടര്‍ന്നു. നടുവിനും വയറിനും ചവിട്ടിയ സുമേഷ് ഭാര്യയെ വലിച്ചു മുറ്റത്തേക്ക് എറിഞ്ഞെന്നാണ് പരാതി. ആ വീഴ്ച്ചയില്‍ യുവതിയുടെ നടുവിന്റെ ഡിസ്ക് തകരുകയായിരുന്നു. പിന്നീട് എഴുന്നേല്ക്കാന് വയ്യാത്ത അവസ്ഥയിലായി. ഇപ്പോള്‍ അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമാണ് ഇവരെ നോക്കുന്നത്. ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ പൊലിസിന് കമ്മിഷന് നിര്‍ദേശം നല്കി. യുവതിയുടെ അവസ്ഥ സംബന്ധിച്ച വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും കമ്മിഷന് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."