ഏകസിവില്‍കോഡ്: ചോദ്യാവലിയോട് പ്രതികരിക്കാനുള്ള സമയം നീട്ടി
ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ദേശീയ നിയമ കമ്മിഷന്‍ അയച്ച ചോദ്യാവലിയോട് പ്രതികരണം അറിയിക്കാനുള്ള കാലാവധി നീട്ടി. നേരത്തെ നാളെക്കു മുമ്പ് പ്രതികരണം അറിയിക്കണമെന്നായിരുന്നു ലോ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കാലാവധി ഒരുമാസത്തേക്കു കൂടി കമ്മിഷന്‍ നീട്ടി. ഇതോടെ ഇക്കാര്യത്തില്‍ അടുത്തമാസം 21 വരെ ഏകസിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായം അറിയിക്കാം. ഇതുവരെ വിഷയത്തില്‍ 15,000 പേര്‍ പ്രതികരിച്ചെന്നാണ് കമ്മിഷന്‍ അവകാശപ്പെടുന്നത്.
വിവിധ വിഭാഗങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വന്‍തോതില്‍ പ്രതികരണം വന്നുകൊണ്ടിരിക്കുന്നതിനാലും കാലാവധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതിനാലുമാണ് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന തിയതി നീട്ടിയതെന്ന് കമ്മിഷന്‍ അറിയിച്ചു.
കഴിഞ്ഞമാസം ഏഴിനാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, ഏകസിവില്‍കോഡ് ലിംഗനീതി ഉറപ്പാക്കുമോ തുടങ്ങിയ ചോദ്യങ്ങളടങ്ങിയ പട്ടിക നിയമ കമ്മിഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
ഏകസിവില്‍കോഡ് നടപ്പാക്കുന്നത് വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുമോ, മുത്തലാഖും ബഹുഭാര്യത്വവും നിര്‍ത്തലാക്കണോ? തുടങ്ങിയ 16 ചോദ്യങ്ങളാണ് പട്ടികയിലുള്ളത്. ഏകസിവില്‍ കോഡില്‍ വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്നും ചോദ്യാവലിയിലുണ്ട്.
ചോദ്യാവലിയോടുള്ള നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് ദേശീയ നിയമ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കത്തയച്ചിട്ടുണ്ട്. ഇതില്‍ സംസ്ഥാനങ്ങളും വിവിധ രാഷ്ട്രയകക്ഷികളും മറുപടി നല്‍കി.
കമ്മീഷന്‍ തയ്യാറാക്കിയ ചോദ്യാവലി ബഹിഷ്‌കരിക്കുമെന്ന് അഖിലേന്ത്യാ മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകള്‍ പഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."