പണം പിന്‍വലിക്കല്‍: ഡി.എം.കെ നേതൃത്വത്തില്‍ 24ന് മനുഷ്യചങ്ങല
ചെന്നൈ: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 24ന് ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മനുഷ്യചങ്ങല തീര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധി. വൈകീട്ട് 4 മുതല്‍ 5 വരെയാണ് മനുഷ്യചങ്ങല തീര്‍ക്കുകയെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ നേരിടുന്ന ദുരിതം കണ്ടില്ലെന്ന് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പണം പിന്‍വലിച്ച നടപടി ധൃതിപിടിച്ചുള്ളതാണ്. ഇതേതുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതം അവസാനമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നോട്ടുകള്‍ക്കായി പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ രാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കാത്തു നില്‍ക്കുകയാണ്. പ്രതിസന്ധി രൂക്ഷമായിട്ടും പ്രധാനമന്ത്രി ജനങ്ങളുടെ രക്ഷക്കായി എന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയാന്‍ പാര്‍ലമെന്റില്‍ എത്താത്തിനേയും കരുണാനിധി വിമര്‍ശിച്ചു.
കേന്ദ്രത്തിന്റെ മുന്നൊരുക്കമില്ലാത്ത പണം പിന്‍വലിക്കല്‍ നടപടിക്കെതിരെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും തമിഴ്‌നാട് സര്‍ക്കാറാകാട്ടെ ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ കുറ്റപ്പെടുത്തിയ കരുണാനിധി, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."