എ.ടി.എം പരിമിതം; പണം ലഭിക്കാതെ ജനം വലയുന്നു
പരപ്പ: മലയോരത്തെ പ്രധാന വാണിജ്യ കേന്ദ്രമായ പരപ്പയില്‍ എ.ടി.എമ്മുകള്‍ പരിമിതമായതു കാരണം ജനം വലയുന്നു. ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം മാത്രമാണു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിലാകട്ടെ രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രമേ നോട്ടുകള്‍ ലഭിക്കുന്നുള്ളൂ.
കേരള ഗ്രാമീണ്‍ ബാങ്കിനു ഒരു എ.ടി.എം ഉണ്ടെങ്കിലും അതു പ്രവര്‍ത്തനരഹിതമായിട്ടു മാസങ്ങളായി. അവശ്യഘട്ടത്തില്‍ പോലും കേടുപാടുകള്‍ തീര്‍ത്തു പ്രവര്‍ത്തന ക്ഷമമാക്കാത്തതില്‍ ജനങ്ങള്‍ക്കു അമര്‍ഷമുണ്ട്. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എം ആകട്ടെ ഇതുവരെയായും പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല.
ഇതിനാല്‍ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എമ്മിനു മുന്നില്‍ എപ്പോഴും ജനങ്ങളുടെ നീണ്ട നിരയാണ്. മണിക്കൂറുകളോളം വരിയില്‍ നിന്നു എ.ടി.എമ്മിനടുത്തെത്തുമ്പോള്‍ പൈസ തീര്‍ന്നതു കാരണം മടങ്ങേണ്ടി വന്നവരുമുണ്ട്.
പരപ്പ, ബിരിക്കുളം പ്രദേശങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളാണു ഇതുകാരണം ഏറെ ബുദ്ധിമുട്ടുന്നത്. തൊട്ടടുത്ത ടൗണുകളായ നീലേശ്വരം, വെള്ളരിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണു ഇവരുള്ളത്.
കിലോമീറ്ററുകള്‍ സഞ്ചരിച്ചു ഇവിടങ്ങളില്‍ എത്തുമ്പോഴേക്കും എ.ടി.എമ്മുകള്‍ കാലിയായതു കാരണം പണം ലഭിക്കാറുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."