പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
കഠിനംകളം: അവിശ്വാസ പ്രമേയത്തിലൂടെ കോണ്‍ഗ്രസിനെ താഴെയിറക്കി എല്‍ .ഡി .എഫ് ഭരണം പിടിച്ചെടുത്ത പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള പുതിയ പ്രസിഡന്റിനേയുംവൈസ് പ്രസിഡന്റിനെയും ഇന്ന് തെരഞ്ഞെടുക്കും.രാവിലെ 10.30 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചക്ക് ശേഷം 2.30 ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.
കോണ്‍ഗ്രസ് അംഗമായിരുന്ന തുമ്പ വാര്‍ഡിലെ ജോളി പത്രോസിനെയാകും എല്‍.ഡി.എഫ് പ്രസിഡന്റായി തെരഞ്ഞെടുക്കുക. ഇതില്‍ ഇനി ഒരു മാറ്റം സംഭവിക്കാനുള്ള യാതൊരു സാഹചര്യവുമില്ലന്നാണ് എല്‍ .ഡി .എഫ് കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. വൈസ് പ്രസിഡന്റായി വേങ്ങോട് വാര്‍ഡിലെ എല്‍.ഡി.എഫ് അംഗവും കഴിഞ്ഞ ഒരു വര്‍ഷം കോണ്‍ഗ്രസ് ഭരണസമിതിയില്‍ പ്രതിപക്ഷ നേതാവുമായിരുന്ന യാസറിനെയായിരിക്കും തെരഞ്ഞെടുക്കുന്നത്.
ആകെ പതിമൂന്ന് അംഗങ്ങളുള്ള ബ്‌ളോക്ക് പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുടെ പിന്‍ബലത്തില്‍ യു.ഡി.എഫ് ആയിരുന്നു ഭരണത്തില്‍. കഴിഞ്ഞ മാസമാണ് ഭരണസ്തംഭനവും, അഴിമതിയും, സ്വജനപക്ഷപാതവും കാണിച്ച് പ്രതിപക്ഷം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.ഇതനുസരിച്ച് കഴിഞ്ഞ എട്ടാം തിയതി പ്രമേയം ചര്‍ച്ചക്കെടുത്തു.
പ്രസിഡന്റ് ജലജകുമാരി, വൈസ് പ്രസിഡന്റ് അഡ്വ: അല്‍ത്താഫ് ഉള്‍പ്പെടുന്ന യു.ഡി.എഫിലെ ഏഴ് അംഗങ്ങളില്‍ തുമ്പ വാര്‍ഡ് അംഗം ജോളി പത്രോസും എല്‍.ഡി. എഫിലെ മുഴുവന്‍ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.എല്‍ .ഡി .എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തില്‍ യു .ഡി .എഫിലെ ജോളി പത്രോസ് വിപ്പ് ലംഘിച്ച് കൊണ്ട് അനുകൂല നിലപാടെടുത്തതോടെയാണ് പ്രമേയം പാസായത്.
അതേ സമയം വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുത്തിയ ജോളി പത്രോസിനെതിരെ കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പിന് പരാതി കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."