മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം: ദലിതുകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
തൃശൂര്‍: മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനു ദലിത് പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. ഉണ്ണികൃഷ്ണന്റെ ആത്മഹത്യയ്ക്കു കാരണക്കാരായവരെന്നു സംശയിക്കുന്ന അഭിഭാഷകരടക്കമുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക, പൊലിസ് പീഡനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഉണ്ണികൃഷ്ണന്റെ പരാതി അവഗണിച്ച നടപടി അന്വേഷിക്കുക, ഉണ്ണികൃഷ്ണന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുക, കേസ് സി.ബി.ഐയ്ക്ക് വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രചാരണപരിപാടികളും പ്രക്ഷോഭവും നടത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് മജിസ്‌ട്രേറ്റ് ഉണ്ണികൃഷ്ണന്റെ ജന്മനാടായ മുല്ലശേരിയില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും.
വിവിധ ദലിത്, ജനാധിപത്യ സംഘടനകളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ സമരസസമിതിക്കും രൂപം നല്‍കും. കണ്‍വന്‍ഷനില്‍ കാസര്‍ഗോഡ് ജില്ലയിലെ ദലിത് കൂട്ടായ്മയായ കര്‍മ്മസമിതിയുടെ നേതാക്കളും പങ്കെടുക്കും. നിയമപരമായ നടപടികള്‍ക്കായി അഭിഭാഷകരുടെ സമതിയും രൂപീകരിക്കും.
യോഗത്തില്‍ കെ.എസ് ബാലന്‍ അധ്യക്ഷനായി. അഡ്വ. പി.കെ നാരായണന്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് കെ.എസ്. ബാലന്‍ (ചെയര്‍മാന്‍), ഇ.പി. കാര്‍ത്തികേയന്‍ (കണ്‍വീനര്‍), എ.കെ. സന്തോഷ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."