പ്രതിപക്ഷത്തിനു മുന്നില്‍ അയഞ്ഞ് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നോട്ട്‌നിരോധനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ അയഞ്ഞുതുടങ്ങി. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ അഞ്ചാംദിവസവും ബഹളത്തില്‍ മുങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്നു പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിര്‍ദേശപ്രകാരമാണ് രാജ്‌നാഥ് പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്കു വിളിച്ചതെന്നാണ് വിവരം. പാര്‍ലമെന്റിലെ പ്രതിസന്ധി ഒഴിവാക്കാനായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറും കഴിഞ്ഞദിവസവും പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മേളനത്തിന്റെ ഏഴാംദിവസമായ ഇന്ന് നരേന്ദ്രമോദി രാജ്യസഭയില്‍ എത്തിയേക്കും. നോട്ട് നിരോധനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ വരാന്‍ മോദി സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ഇന്നലെ ലോക്‌സഭയിലെത്തിയിരുന്നു.
പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. ലോക്‌സഭയില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് നോട്ട് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടിസിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നിഷേധിച്ചു. ചട്ടം 56 പ്രകാരം വോട്ടിങ്ങോടു കൂടി സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് തങ്ങള്‍ തയാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ പ്രധാനമന്ത്രി സഭയിലെത്താന്‍ തയാറാകണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു തയാറാണെന്നും വിഷയത്തില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ച ആകാമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ വാക്കുകള്‍ക്കും ചെവി കൊടുക്കണമെന്ന് തൃണമൂല്‍ നേതാവ് സുദീപ് ബന്ദോപാധ്യായ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ബഹളത്തെതുടര്‍ന്ന് ഉച്ചയ്ക്ക് മുമ്പ് ഒരുവട്ടം പിരിഞ്ഞ ലോക് സഭ ഇന്നലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
രാജ്യസഭയും പലതവണ തടസപ്പെട്ടു. പ്രശ്‌നത്തില്‍ ഇന്ന് ചര്‍ച്ച തുടരാമെന്ന് ഉപാധ്യക്ഷന്‍ അറിയിച്ചപ്പോള്‍ മോദി ഇന്നെങ്കിലും സഭയിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ബി.എസ്.പി നേതാവ് മായാവതി, സി.പി.എം നേതാവ് സീതാറാം യച്ചൂരി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."