വിജയ ടീച്ചറില്ലാതെ ഇത്തവണത്തെ കായികമേള
മാനന്തവാടി: ജില്ലാ സ്‌കൂള്‍ കായിക മേളക്ക് ഇന്നു ട്രാക്കുണരുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി കായികമേളയില്‍ സജീവമായിരുന്ന ഒരാളുടെ അസാന്നിധ്യം ശ്രദ്ധേയമാകും. വിജയ ടീച്ചര്‍, ഒന്നുമല്ലാതായിരുന്ന ഒരുപാടു പേരെ ലോക വേദികളില്‍ വരെ എത്തിച്ച ടീച്ചര്‍ 31 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. 1984ലാണ് വിജയ ടീച്ചര്‍ കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായികാധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്നിങ്ങോട്ടുള്ള മുഴുവന്‍ കായിക മേളകളിലും ടീച്ചര്‍ സജീവ സാന്നിധ്യമായിരുന്നു.
ഒന്‍പത് തവണ ടീച്ചറുടെ ശിഷ്യര്‍ കായികകിരീടം ചൂടിയപ്പോള്‍ ബാക്കിയെല്ലാ തവണയും രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. ഇത്തവണയും കാക്കവയലിന് പ്രതീക്ഷയുള്ള ഒരു പിടി താരങ്ങള്‍ ഉണ്ടെന്ന് ടീച്ചര്‍ പറയുന്നു.
അതില്‍ ചിലരായ അശ്വതി, റിന്‍ഷസ് എന്നീ താരങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ട്. ആത്മാര്‍ഥതയോടെ ട്രാക്കില്‍ ഇറങ്ങിയാല്‍ വിജയിക്കാനാകുമെന്ന് ടീച്ചര്‍ പറയുന്നു. ജയ്ഷയുടെയും ഗോപിയുടെയും പാത പിന്തുടരാന്‍ കഴിയുന്ന നിരവധി കുട്ടികള്‍ വയനാട്ടില്‍ ഉണ്ടെന്നും ടീച്ചര്‍ പറഞ്ഞു.
മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കായിക അധ്യപികയായി ടീച്ചര്‍ ഇപ്പോള്‍ സേവനമനുഷ്ഠിച്ച് വരികയാണ്. തിരക്കുകള്‍ ഉണ്ടെങ്കിലും ഒരു ദിവസമെങ്കിലും ജില്ലാ കായിക മേള കാണണമെന്ന ആഗ്രഹത്തിലാണ് ഈ കായികാധ്യപിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."