രണ്ടാം ദിനം മൂന്നു സ്വര്‍ണവുമായി മൂന്നുപേര്‍
കൊച്ചി: ജില്ലാ സ്കൂള്‍ മീറ്റിന്റെ രണ്ടാം ദിനം മൂന്നു സ്വര്‍ണവുമായി മൂന്നുപേര്‍ മുന്നിലെത്തി. കോതമംഗലം സെന്റ് ജോര്‍ജിന്റ് വാരിഷ് ബോഗി, മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ്, അബിഷ പി എന്നിവരാണ് മൂന്നു സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച ബിബിന്‍ ആദ്യദിനം 5000, 800 മീറ്ററുകളിലും ഇന്നലെ 1500 മീറ്ററിലുമാണ് സ്വര്‍ണം നേടിയത്. ഇത് രണ്ടാം തവണയാണ് ബിബിന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരം വാരിഷ് ബോഗി 400, 600 മിറ്ററിലും 80 മീറ്റര്‍ ഹഡില്‍സിലും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ മാര്‍ബേസില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയുമായ അബിഷ 100, 600, 400 മീറ്റര്‍ മത്സരങ്ങളിലുമാണ് സ്വര്‍ണമണിഞ്ഞത്. റിലേ മത്സരത്തില്‍ സ്വര്‍ണം നേടിയ മാര്‍ബേസില്‍ ടീമിലും അബിഷ അംഗമായിരുന്നു.
കഴിഞ്ഞ മീറ്റിലെ പ്രകടനം ആവര്‍ത്തിച്ചാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വാരിഷ് സബ്ജൂനിയര് ആണ്‍വിഭാഗം താരമായത്. കഴിഞ്ഞ മീറ്റില്‍ 600 മീറ്ററിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്ററിലും വാരിഷ് സുവര്‍ണനേട്ടം സ്വന്തമാക്കിയിരുന്നു. സംസ്ഥാന സ്കൂള്‍ മീറ്റില്‍ 600 മീറ്ററില്‍ സ്വര്‍ണവും മറ്റു രണ്ടിനങ്ങളില്‍ വെള്ളിയും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."