ഞാറ്റുവേലകള്‍ ചതിച്ചതോടെ കാര്‍ഷികമേഖല പ്രതിസന്ധിയിലായി
കഞ്ചിക്കോട്: തുലാവര്‍ഷത്തിലെ മഴയില്ലായ്മ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ചോതി ഞാറ്റുവേലയുടെ ആദ്യ ഏഴു ദിവസമോ അവസാന ഏഴു ദിവസമോ ആണ് ശക്തിമായ മഴ ലഭിക്കാറുള്ളത്. തുലാവര്‍ഷത്തില്‍ കിഴക്കന്‍ മഴ ലഭിച്ചാല്‍ മാത്രമേ കാര്‍ഷികാവശ്യത്തിനായി നിര്‍മിച്ച ജലസംഭരണികള്‍ ജലസമ്പുഷ്ടമാകൂ. എന്നാല്‍ ഇത്തവണ മഴക്കുറവുമൂലം രണ്ടാം വിളവിറക്കിയ നെല്‍ കര്‍ഷകര്‍ ആശങ്കയിലായി.
നടീല്‍ കഴിഞ്ഞ പാടങ്ങളിലും രാസവള പ്രയോഗം നടത്തിയ നെല്‍പ്പാടങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ചിലയിടങ്ങളില്‍ കുഴല്‍ കിണറില്‍ നിന്നും വെള്ളം ഉപയോഗിച്ച് കാര്‍ഷിക വൃത്തിക്കായി നെല്‍പാടം ഒരുക്കിയെങ്കിലും ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞത് കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
നവംബര്‍ പാതിയായതോടെ പകല്‍ കനത്ത ചൂടും സന്ധ്യയാകുന്നതോടെ മഞ്ഞുവീഴ്ചയും തുടങ്ങിയത് മഴ പിന്‍വാങ്ങിയതിന്റെ ലക്ഷണമാണെന്ന് കര്‍ഷകര്‍ പറയുന്നു.
വെള്ളം ലഭിക്കാതെ കൃഷി ഉഴാത്ത കര്‍ഷകര്‍ ശൈത്യകാല വിളയായ മുതിര, ഉഴുന്ന് എന്നിവ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ്. കളപറി കഴിയേണ്ട സമയത്താണിപ്പോള്‍ കര്‍ഷകര്‍ നിലമൊരുക്കുന്ന തിരക്കിലായിരിക്കുന്നത്. മിക്ക കര്‍ഷകരും കൃഷിയിറക്കല്‍ ഉപേക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ കുഴല്‍ കിണര്‍, കൊക്കര്‍ണി, കുളം എന്നിവയില്‍ വെള്ളമുള്ള കര്‍ഷകരാണിപ്പോള്‍ ചെറിയ തോതിലെങ്കിലും കൃഷി നിലമൊരുക്കലും വിത്തിറക്കലുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."