സി.പി.എമ്മില്‍ ആലപ്പുഴയും കണ്ണൂരും പുകയുന്നു
തിരുവനന്തപുരം: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൊലക്കേസില്‍ അറസ്റ്റിലായതില്‍ പ്രതിരോധത്തിലായ സി.പി.എമ്മിനെ ആലപ്പുഴ, കണ്ണൂര്‍ ജില്ലാ ഘടകങ്ങളിലെ സംഘടനാ പ്രശ്‌നങ്ങളും അലട്ടുന്നു.
ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി ചേരിപ്പോരുകളിലേക്ക് സൂചന നല്‍കിക്കൊണ്ട് യു. പ്രതിഭ ഹരി എം.എല്‍.എ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുകയാണ്. എം.എം മണിയെ മന്ത്രിയാക്കിയതിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മന്ത്രി ഇ.പി ജയരാജന്റെ പുതിയ നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് കണ്ണൂരില്‍ പാര്‍ട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സ്വഭാവഹത്യ വരെ എത്തിനില്‍ക്കുന്നതായി വ്യക്തമായ സൂചന നല്‍കുന്നതാണ് പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന വാര്‍ത്തയുമായി ഇതിനു ബന്ധമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. പുരുഷ സുഹൃത്തുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരു വനിത എം.എല്‍.എയ്‌ക്കെതിരേ സി.പി.എം നടപടിക്കൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത.
പാര്‍ട്ടിയില്‍ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ചേരികളുടെ പോര് രൂക്ഷമായ ജില്ലയില്‍ നിന്ന് തനിക്കെതിരേ ആരോ പ്രവര്‍ത്തിക്കുന്നു എന്നാണ് പ്രതിഭ പറയുന്നതെന്ന നിഗമനം വ്യാപകമാണ്.
ജയരാജന്‍ തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്നെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഇന്നു നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന് നേതൃത്വം അദ്ദേഹത്തിനു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."