വേനല്‍ മഴയെത്തി; മുതുമല പച്ചവിരിച്ചു
ഗൂഡല്ലൂര്‍: കുളിരായി വേനല്‍മഴ പെയ്തിറങ്ങിയതോടെ വരണ്ടുണങ്ങിയ മുതുമല കടുവാ സംരക്ഷണ കേന്ദ്രത്തില്‍ പച്ചപ്പ് തിരികെയെത്തി. കടുത്ത വേനല്‍ ചൂടില്‍ വരള്‍ച്ച കാരണം മുതുമല വന്യജീവി സങ്കേതം ഉണങ്ങി നില്‍ക്കുകയായിരുന്നു.
വരള്‍ച്ച കാരണം തീറ്റയും വെള്ളവും തേടി വന്യജീവികള്‍ അന്യസംസ്ഥാന വനങ്ങളിലേക്ക് ചേക്കേറിയിരുന്നു. ഇത് വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. അതിനിടക്കാണ് അപ്രത്യക്ഷിതമായി ശക്തമായ വേനല്‍ മഴ ലഭിച്ചത്. വനത്തില്‍ പച്ചപ്പ് തിരികെ ലഭിച്ചതോടെ പലായനം ചെയ്ത വന്യജീവികളെല്ലാം വീണ്ടും മുതുമലയിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
ആന, മാന്‍, കടുവ, പുലി, കാട്ടുപോത്ത്, കരടി, കാട്ടാട്, ചെന്നായ, മുയല്‍ തുടങ്ങിയ ജീവികളെല്ലാം വനത്തിലെത്തി. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ പാതയോരത്ത് മേയുന്ന കാഴ്ച സഞ്ചാരികള്‍ക്ക് കണ്ണിന് വിരുന്നാവുകയാണ്. വന്യജീവികള്‍ തിരിച്ചെത്തിയതോടെ മുതുമലയിലേക്ക് സഞ്ചാരികളുടെ വരവും ഗണ്യമായി വര്‍ധിച്ചു.
നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മുതുമല. മഴയില്ലാത്തത് കാരണം ഇത്തവണ മുതുമല വന്യജീവി സങ്കേതം അടച്ചിടാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."