പൊലിസ് ഇരുട്ടില്‍ തപ്പുന്നു; പ്രതിഷേധം വ്യാപകം
തിരൂരങ്ങാടി: ആറ് ദിവസം പിന്നിട്ടിട്ടും കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മുഖ്യപ്രതികളെ പിടികൂടാനാവാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
സംഭവത്തില്‍ ഇതുവരെയായി ഫൈസലിന്റെ ഭാര്യാ സഹോദരനും അമ്മാവന്റെ മകനുമായ വിനോദ് അടക്കം കൊടിഞ്ഞിയിലെയും പരിസരപ്രദേശങ്ങളിലെയുംപത്തോളം ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസ് വലയിലുണ്ട്. ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയവരാണത്രെ ഇവര്‍. സംഭവ ദിവസം തന്നെ പൊലിസ് ഇവരില്‍ പലരെയും പിടികൂടിയിരുന്നു.
എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയോളമായിട്ടും കൃത്യം നടത്തിയവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. മതംമാറിയ ശേഷം ഫൈസലിനു നേരെയുണ്ടായിരുന്ന വധഭീഷണിയും കൊല്ലാന്‍ കുടുംബത്തില്‍ നിന്നുള്ളവരുടെ സഹായവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരിലേക്കാണ്.
ഇവര്‍ ഗൂഡാലോചന നടത്തിയതായുളള വ്യക്തമായ തെളിവുകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണം ഏറെ മന്ദഗതിയിലാണെന്നാണ് ആക്ഷേപം. സംഭവത്തിന്റെ പ്രധാനസൂത്രധാരനെന്ന് കരുതുന്ന, ഫൈസലിന്റെ മതംമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം സംഘടിപ്പിച്ചയാളെയാണ് പൊലിസ് തെരയുന്നത്. ഇയാളിലൂടെ കൃത്യം നടത്തിയ മുഖ്യപ്രതികളെ കണ്ടെത്താനാണ് ശ്രമം. ഈ യോഗത്തില്‍ പങ്കെടുത്തവര്‍ പലരും പൊലിസ് കസ്റ്റഡിയിലുണ്ട്.
ഫൈസലിന്റെ ഭാര്യാ പിതാവ്, ഭാര്യാ സഹോദരി എന്നിവരടക്കം പതിനഞ്ചോളം പേരെ ഇതിനകം അന്വേഷണസംഘം ചോദ്യം ചെയ്തു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണംനടത്തിയെങ്കിലും കേസിന് അനുകൂലമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
പരിസരത്തെ കടയുടെ സി.സി.ടിവിയിലെ ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായില്ല. കഴിഞ്ഞദിവസം കറുത്തനിറത്തിലുള്ള ഏതാനും പള്‍സര്‍ ബൈക്കുകളും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കേസന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
കൊടിഞ്ഞിയിലെയും പരിസരപ്രദേശങ്ങളിലെയും മെയിന്റോഡിലെ ചില വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
കൃത്യം നടത്തിയ മൂന്നുപേര്‍ക്കുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ശബരിമല ഡ്യൂട്ടിയിലായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജിനെ അടിയന്തരമായി തിരിച്ചുവിളിച്ചു. അദ്ദേഹം ബുധനാഴ്ച മുതല്‍ ചാര്‍ജെടുത്തിട്ടുണ്ട്. മലപ്പുറം ഡിവൈ.എസ്.പി പി.എം പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണം കാര്യക്ഷമമല്ലാത്തതുകൊണ്ടുതന്നെ നാട്ടുകാര്‍ ആക്ഷന്‍കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ്.
കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി അനന്തകൃഷ്ണന്‍നായര്‍, മീനാക്ഷി ദമ്പതികളുടെ മകനായ ഫൈസല്‍(30) ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഫാറൂഖ് നഗര്‍ അങ്ങാടിയില്‍ വെട്ടേറ്റുമരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."