ജന്മനാട് ഒ.ആര്‍ കേളുവിനെ നിയമസഭയിലെത്തിച്ചു
മാനന്തവാടി: എല്‍.ഡി.എഫ് ഭരിക്കുന്നതുള്‍പ്പെടെ നാല് പഞ്ചായത്തുകളിലെ വോട്ടര്‍മാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മന്ത്രി ജയലക്ഷ്മിക്കൊപ്പം നിന്നിട്ടും എല്‍.ഡി.എഫിലെ ഒ.ആര്‍ കേളുവിന് ജന്മനാട് നല്‍കിയ ഭൂരിപക്ഷം മറികടക്കാന്‍ ജയലക്ഷ്മിക്ക് കഴിഞ്ഞില്ല.
തിരുനെല്ലി പഞ്ചായത്തില്‍ നിന്നും ഒ.ആര്‍ കേളുവിന് ലഭിച്ച 4686 വോട്ടിന്റെയും മാനന്തവാടി മുന്‍സിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച 1941 വോട്ടിന്റെയും പിന്‍ബലമാണ് മറ്റ് നാല് പഞ്ചായത്തുകളെ മറികടന്ന് മന്ത്രിയെ തോല്‍പ്പിച്ച് എം.എല്‍.എ സ്ഥാനത്തെത്താന്‍ എല്‍.ഡി.എഫിനെ സഹായിച്ചത്. എല്ലാ കാലത്തും എല്‍.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് തിരുനെല്ലിക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് മാനന്തവാടി മുനിസിപ്പാലിറ്റി ഇടത് മുന്നണി തിരിച്ച് പിടിച്ചത്. ഇടത് മുന്നണി ഭരിക്കുന്ന മന്ത്രിയുടെ സ്വന്തം പഞ്ചായത്തായ തവിഞ്ഞാലില്‍ നിന്നും 1697 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് ആധിപത്യമുള്ളതും യി.ഡി.എഫ് ഭരിക്കുന്നതുമായ ഏടവക പഞ്ചായത്തില്‍ നിന്നും യു.ഡി.എഫിന് ലഭിച്ചത് 602 വോട്ടിന്റെ ഭൂരിപക്ഷമാണ്. നിലവില്‍ എല്‍.ഡി.എഫ് ഭരിക്കുന്ന തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും യു.ഡി.എഫിന് 778 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. യു.ഡി.എഫിന്റെ ഉരുക്കു കോട്ടയും രണ്ടായിരത്തിലധികം ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്ക് കൂട്ടുകയും ചെയ്തിരുന്ന വെള്ളമുണ്ടയില്‍ നിന്നും 1275 വോട്ടുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്.
ഇതേ പ്രതീക്ഷ തന്നെയായിരുന്നു പനമരം പഞ്ചായത്തിലും യു.ഡി.എഫ് വെച്ചു പുലര്‍ത്തിയതെങ്കിലും ലഭിച്ചത് 1182 വോട്ടുകളാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയ കാരണമെന്ന് വിലയിരുത്തുന്നത് പനമരം, വെള്ളമുണ്ട പഞ്ചായത്തുകളിലെ വോട്ടു ചോര്‍ച്ചയെ ആസ്പദമാക്കിയാണ്. പോസ്റ്റല്‍ വോട്ടുകളില്‍ 214 വോട്ടിന്റെ ഭൂരിപക്ഷമാണ് ഒ.ആര്‍ കേളുവിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."