സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കോടതി ഉദ്ഘാടനം ഡിസംബര്‍ മൂന്നിന്
കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കോടതി ഡിസംബര്‍ മൂന്നിന് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനത്തെ മൂന്നാമത്തെ കോടതിയാണ് അടുത്തമാസം യാതാര്ഥ്യമാകുക. എരഞ്ഞിപ്പാലത്തെ കേരള കോപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന് കീഴിലുള്ള കെട്ടിടത്തിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കോടതി പ്രവര്‍ത്തിക്കുക.
2012ല്‍ ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേക കോടതിയെന്ന ആവശ്യം ശക്തമായത്. 2013ല്‍ കൊച്ചിയിലാണ് ഇത്തരത്തിലുള്ള ആദ്യ കോടതി നിലവില്‍ വന്നത്. ഓരോ വര്‍ഷവും 200ലേറെ കേസുകളാണ് ഇവിടെ തീര്‍പ്പാക്കുന്നത്. പുതിയ കോടതിക്കായി 11 പുതിയ തസ്തികകളായിരുന്നു സൃഷ്ടിക്കേണ്ടിയിരുന്നത്. ജില്ലാ ജഡ്ജ്, ശിരസ്തദാര്‍, ഹെഡ് ക്ലാര്‍ക്ക്, ബെഞ്ച് ക്ലാര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കോര്‍ട്ട് കീപ്പര്‍, പ്യൂണ്‍, സ്വീപ്പര്‍ എന്നിവ ഉള്‍പ്പെടെയാണിത്. നിലവില്‍ പുതിയ തസ്തികകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ ജില്ലാ സെഷന്‍സ് കോടതികളിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
ജില്ലാ കോടതികളില്‍ കേസുകളുടെ ബാഹുല്യം കാരണം ലൈംഗികാതിക്രമ, പീഡന കേസുകളില്‍ നീതി ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതായുള്ള പരാതികള്‍ വ്യാപകമായിരുന്നു. തല്‍സ്ഥിതിക്ക് പുതിയ കോടതി യാഥാര്‍ഥ്യമാകുന്നതോടെ മാറ്റമുണ്ടാകും. അഡീഷനല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോര്‍ട്ട് ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍ എന്ന പേരിലായിരിക്കും പ്രത്യേക കോടതി അറിയപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."