ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
താമരശേരി: വാതക പൈപ്പ്‌ലൈന്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ താമരശേരി ചാലക്കരയില്‍വച്ച് നാട്ടുകാര്‍ തടഞ്ഞു. വന്‍ പൊലിസ് സന്നാഹത്തോടെയായിരുന്നു ഇന്നലെ രാവിലെ പത്തരയോടെ ഉദ്യോഗസ്ഥര്‍ എത്തിയത്. മുന്‍ എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്തിലാണ് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബദല്‍ നിര്‍ദേശം ജില്ലാ കലക്ടര്‍ക്കും മറ്റും സമര്‍പ്പിച്ചിരുന്നു. ഇതിന്മേല്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സര്‍വേ തടഞ്ഞത്.
ഇവിടങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവരുടെ വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഭൂമി ഭീഷണിപ്പെടുത്തിയും പൊലിസിനെ ഉപയോഗിച്ചും അളക്കാമെന്ന ഗെയില്‍ കമ്പനിയുടെ മോഹം നടക്കുകയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ധാരാളം റവന്യു പുറമ്പോക്കും വയലുകളുമുള്ള താമരശേരി പഞ്ചായത്തില്‍ ബദല്‍ നിര്‍ദേശം അവതരിപ്പിച്ചിട്ടും അതില്‍ ശ്രദ്ധ കൊടുക്കാത്തത് ധിക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്കു തയാറായി. സംഭവം അറിഞ്ഞ് താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖും ഡിവൈ.എസ്.പി കെ. അഷ്‌റഫും സ്ഥലത്തെത്തി സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തല്‍ക്കാലികമായി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വകക്ഷി പ്രതിനിധികള്‍ ഉന്നയിക്കുന്ന ബദല്‍ നിര്‍ദേശത്തെ കുറിച്ച് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്നു രാവിലെ 10നു കെടവൂര്‍ വില്ലേജ് ഓഫിസില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ഇരുകൂട്ടരും പിരിഞ്ഞത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, എ. അരവിന്ദന്‍, എ.പി ഹുസൈന്‍, ഗിരീഷ് തേവള്ളി, ശിവരാമന്‍ ചാലക്കര, പി.സി അസീസ്, സി. മുഹ്‌സിന്‍, അഡ്വ. പ്രദീപ്കുമാര്‍, പൂമഠത്തില്‍ രാഘവന്‍ നായര്‍, സി.പി ഖാദര്‍, ഗഫൂര്‍ ചാലക്കര, അഷ്‌റഫ് നെരോത്ത്, എ.പി മൂസ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."