കാട്ടുതീ....ഫലസ്തീന്‍ സഹായം ഇസ്‌റാഈല്‍ സ്വീകരിച്ചു
ജറൂസലേം: ഇസ്്‌റാഈലിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഫലസ്തീന്‍ സര്‍ക്കാരിന്റെ സഹായം ഇസ്‌റാഈല്‍ സ്വീകരിച്ചു. ഫലസ്തീനില്‍ നിന്നുള്ള നാല് അത്യാധുനിക അഗ്നിശമന സേനാ യൂനിറ്റുകള്‍ ഇസ്‌റാഈലിലെത്തി. നിരവധി അറബ് വംശജരും ജൂതരും താമസിക്കുന്ന ഹൈഫ മേഖലയിലാണ് കാട്ടുതീ പടരുന്നത്. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ഇസ്്‌റാഈല്‍ ഫയര്‍ഫോഴ്‌സും ഫലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ ദിനപത്രമായ ഹാരെട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വടക്കന്‍, മധ്യമേഖലകളിലാണ് കാട്ടുതീ പടരുന്നത്. വിവിധ അന്താരാഷ്ട്ര സേനകളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. വലിയ നഗരമായ ഹൈഫയില്‍ തീ സര്‍വനാശം വിതച്ചു. 90,000 പേരെ മാറ്റിപാര്‍പ്പിച്ചു. ഈയിടെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീക്ക് സമാനമാണ് സാഹചര്യം. കാലിഫോര്‍ണിയയില്‍ ജനവാസ കേന്ദ്രങ്ങളെ തീ ബാധിച്ചിരുന്നില്ലെങ്കിലും ഇവിടെ സ്ഥിതി വ്യത്യസ്തമാണ്.
റഷ്യ,തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, സൈപ്രസ് രാജ്യങ്ങളാണ് തീയണയ്ക്കാന്‍ ഇസ്‌റാഈലിനെ സഹായിക്കുന്നത് . ഈ രാജ്യങ്ങളുടെ 10 വിമാനങ്ങള്‍ പ്രദേശത്തെത്തി. അമേരിക്കയുടെ ബോയിങ് 747 സൂപ്പര്‍ ടാങ്കര്‍ അഗ്്‌നിശമന വിമാനം അയക്കാമെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കാട്ടുതീ ഭീകരാക്രമണമാണെന്നും വീടിനു തീയിടുന്ന സംഘമാണ് പിന്നിലെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ഇതിനു തെളിവ് ലഭിച്ചിട്ടില്ലെന്നും ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീയിടലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിച്ച് 12 പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് മേധാവി പറഞ്ഞു. ഇവരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാകില്ലെന്ന് പൊലിസ് വക്താവ് പറഞ്ഞു. പിടിയിലായവര്‍ ന്യൂനപക്ഷങ്ങളാണെന്ന് ആഭ്യന്തര രക്ഷാമന്ത്രി ഗിലാഡ് എര്‍ഡാന്‍ പറഞ്ഞു. അറബ് ഇസ്‌റാഈല്‍ , ഫലസ്തീന്‍ പൗരന്മാരോ ആയിരിക്കാം അറസ്റ്റിലായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായും ഇവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചതായും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുക ശ്വസിച്ച് 200 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ചയാണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ശക്തമായ വരണ്ടകാറ്റാണ് തീ പടരാന്‍ ഇടയാക്കിയത്. രാജ്യത്തെ രണ്ടുമാസത്തെ വരള്‍ച്ചാക്കാലമാണിപ്പോള്‍.
തീയണയ്ക്കാന്‍ സൂപ്പര്‍ ടാങ്കര്‍
അമേരിക്കയുടെ ബോയിങ് വിമാനമായ സൂപ്പര്‍ ടാങ്കറില്‍ 74 ടണ്‍ വെള്ളമോ, അഗ്നിശമന മിശ്രിതമോ നിറയ്ക്കാം. 2010 ഹൈഫയ്ക്ക് തെക്ക് മൗണ്ട് കാര്‍മലില്‍ വന്‍ തീപിടിത്തമുണ്ടായപ്പോള്‍ സൂപ്പര്‍ ടാങ്കര്‍ എത്തിയിരുന്നു. 44 പേരാണ് അന്നത്തെ കാട്ടുതീയില്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."