ഏലൂരിലെ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ്‌സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
കളമശേരി: ഏലൂരിലെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ്‌സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കണ്ടെയ്‌നര്‍ ലോറികളുടെ വരവ് കുറഞ്ഞതോടെയാണ് ഈ സ്ഥാപനം അടച്ചേക്കുമെന്ന ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഈ സ്ഥാപനത്തില്‍ പ്രതിദിനം ശരാശരി 100 കണ്ടെയ്‌നര്‍ ലോറികള്‍ വന്നിരുന്നതാണ് എന്നാല്‍ അടുത്തിടെയായി ശരാശരി പ്രതിദിനം നാലുലോറികളാണെത്തുന്നതെന്ന് തൊഴിലാളി യുനിയന്‍ നേതാക്കള്‍ പറഞ്ഞു.
വല്ലാര്‍പാടം ദുബായ് പോര്‍ട്ട് വേള്‍ഡിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കെ.എസ്.ഐ.ഇയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സമീപ പ്രദേശങ്ങളിലെ കണ്ടെയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകളില്‍ ധാരാളം കണ്ടെയ്‌നര്‍ ലോറികളെത്തുമ്പോള്‍ ഇവിടെ മാത്രമാണ് കുറവ് വന്നിട്ടുള്ളത്. ഫ്രെയ്റ്റ് സ്റ്റേഷന്‍ മാനേജ്‌മെന്റും കസ്റ്റംസ് ഉദ്യോഗ്യസ്ഥരും തമ്മിലുള്ള പോരു മൂലമാണ് കണ്ടെയ്‌നര്‍ ലോറികളുടെ വരവ് കുറഞ്ഞതെന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിക്കുന്നത്.
രണ്ട് മാസം മുന്‍പ് ഇവിടെത്തെ കസ്റ്റംസ് വിഭാഗത്തില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോസ്ഥര്‍ക്കെതിരേ നടപടിയെടുക്കുകയും ഇവിടെയുണ്ടായിരുന്ന മുഴുവന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പുതിയതായി എത്തിയ കസ്റ്റംസ് ഉദ്യോസ്ഥര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതോടെയാണ് കണ്ടെയ്‌നര്‍ ലോറികളുടെ വരവ് കുറഞ്ഞതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരെ സി.ബി.ഐ റെയ്ഡില്‍പെടുത്തിയത് ചില മാനേജ്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന് ഒരു കൂട്ടം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുണ്ട്.
ഇതിനാലാണ് ഇക്കുട്ടര്‍ കസ്റ്റംസ് നിയമം കര്‍ക്കശമാക്കിയതെന്നാണ് തൊഴിലാളികളുടെ വിശ്വാസം. ഇവിടെ ജോലിയെടുക്കുന്നവര്‍ ഭൂരിഭാഗം പേരുംപുറംകരാര്‍ ജീവനക്കാരാണ്. കണ്ടെയ്‌നര്‍ ലോറികള്‍ വന്ന് ചരക്ക് കൈകാര്യം ചെയ്താല്‍ മാത്രമെ ഇവര്‍ക്ക് കൂലി ലഭിക്കുകയോള്ളു. പ്രതിദിനം 100 ഓളം ലോറികള്‍ വന്നിരുന്നപ്പോള്‍ മാസം പരമാവധി 11,000 രൂപയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ച് കൂലി മാത്രമാണ് ലഭിക്കുന്നത് എന്ന് തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."