പട്ടാള ഫാക്ടറി
ഏഴു വര്‍ഷം മുന്‍പുള്ള ഒരു പ്രഭാതം. ഏഴു മണിയോടെ അഞ്ചോ ആറോ യുവാക്കള്‍ തലശ്ശേരി സ്റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. കൂടെ രണ്ടോ മൂന്നോ മുതിര്‍ന്ന ആളുകള്‍ യുവാക്കളെ ഗ്രൗണ്ടിനു ചുറ്റും ഓടിക്കുന്നു. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ കുറച്ചുപേര്‍ ഗ്രൗണ്ടിനരികില്‍ ചുറ്റിപ്പറ്റി നിന്നു. പട്ടാളത്തില്‍ ജോലി കിട്ടാനുള്ള പരിശീലനമാണത്രേ. കേട്ടവരെല്ലാം ചിരിച്ചുകൊണ്ട് സ്ഥലംവിട്ടു.
ഈ ഗ്രൗണ്ടിനു ചുറ്റും വെറുതേ ഓടുന്ന നേരത്ത് ഗള്‍ഫില്‍ പോകാന്‍ പാസ്‌പോര്‍ട്ടിന് പോയി അപേക്ഷിക്കെടാ പിള്ളേരേ എന്നും ചിലര്‍ പരിഹസിച്ചു. പരിശീലനം ദിവസവും നടന്നു. പരിശീലനം നേടിയ യുവാക്കള്‍ക്കു മുഴുവന്‍ പട്ടാളത്തില്‍ ജോലിയും കിട്ടി.
എന്നാല്‍ ഇന്നു നാടും നഗരവും ജില്ലയും കടന്ന് ഈ പട്ടാളപരിശീലനത്തിന്റെ ഖ്യാതി മലബാര്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഈ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കാനും ജോലിക്കുവേണ്ടി പരിശീലനം തേടാനും നിരവധി പേരും എത്തിച്ചേരുന്നു. ഇന്ന് മലബാറിലെ യുവാക്കള്‍ക്ക് പട്ടാളത്തില്‍ ചേരാനാഗ്രഹമുണ്ടെങ്കില്‍ 'ബ്രെക്‌സ' ഒരു എളുപ്പവഴിയാണ്. രാജ്യത്തെ പ്രതിരോധ സംവിധാനത്തിനു ഏറെ മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളുമായി അര്‍പ്പണബോധത്തോടെ മുന്നേറുന്ന ഈ കൂട്ടായ്മ സൈനിക സേവനം മോഹിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കാതെയാണ് ശാരീരിക പരിശീലനം, എഴുത്തു പരീക്ഷാ പരിശീലനം, വ്യക്തിത്വ വികസന ക്ലാസ് എന്നിവ നല്‍കുന്നത്.
ബ്രെക്‌സയുടെ പതിനാറു ബാച്ചുകളില്‍ നിന്നായി 906 യുവാക്കള്‍ ഇതിനകം സൈന്യത്തില്‍ ജോലി നേടിക്കഴിഞ്ഞു. പരിശീലന മികവില്‍ നാലുപേര്‍ ആര്‍മി ഓഫിസര്‍മാരായും ജോലി ചെയ്യുന്നു. കനത്ത ഫീസ് ഈടാക്കി ചില സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ആര്‍മി പരിശീലനക്കളരികളെ നിഷ്പ്രഭമാക്കി ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയാണ് ബ്രെക്‌സ ഈ നേട്ടം കൈവരിച്ചത്.
ജീവാത്മാവ്, മേജര്‍ ഗോവിന്ദന്‍
ബ്രെക്‌സയുടെ തുടക്കം പ്രൊഫ. ഗോവിന്ദനില്‍ നിന്നാണ്. മുപ്പതു വര്‍ഷം ബ്രണ്ണനിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന മേജര്‍ ഗോവിന്ദന്‍ എന്‍.സി.സി ഓഫിസര്‍ കൂടിയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ആര്‍മിയുടെ നിരവധി സ്ഥലങ്ങളിലെ ക്യാംപില്‍ പങ്കെടുത്തു. സൈനിക ജീവിതവും അച്ചടക്കവും കൃത്യനിഷ്ഠയും അടുത്തറിഞ്ഞു. എന്‍.സി.സി വിദ്യാര്‍ഥികള്‍ക്കു കാല്‍നൂറ്റാണ്ട് പട്ടാളത്തിന്റെ അടുക്കും ചിട്ടയും പകര്‍ന്നു നല്‍കി.
2009 ഫെബ്രുവരി 28ന് 25 വര്‍ഷത്തെ ശിഷ്യന്മാരുടെ ഗെറ്റ് ടുഗദര്‍ ചടങ്ങ് വിളിച്ചുകൂട്ടി തന്റെ പദ്ധതികള്‍ എല്ലാവരോടുമായി അദ്ദേഹം വിശദീകരിച്ചു. അങ്ങനെയാണ് ബ്രെക്‌സയുടെ പ്രവര്‍ത്തനത്തിനു തുടക്കമായത്. അഞ്ചു യുവാക്കള്‍ക്ക് എഴുത്തുപരീക്ഷയിലും ശാരീരിക പരീക്ഷകളിലും ചിട്ടയായ പരിശീലനം നല്‍കി. റിക്രൂട്ട്‌മെന്റ് റാലി കഴിഞ്ഞപ്പോള്‍ ആദ്യ ബാച്ചിലെ അഞ്ചുപേരും സൈനിക സേവനത്തിനു യോഗ്യത നേടി.
വിജയഗാഥ
ആര്‍മി റാലികളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്ന അതേ കായികക്ഷമതാ പരീക്ഷകളായിരുന്നു ബ്രെക്‌സയിലും നല്‍കിയത്. തുടര്‍ പരിശീലനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടുത്താനും മികവ് നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങളും നല്‍കി. ചിട്ടയായി പരിശീലിച്ചതിലൂടെ ആര്‍മി റാലികളില്‍ നിരവധി 'ബ്രെക്‌സ'ക്കാര്‍ക്കു ജോലി ലഭിച്ചു. അതോടെ ഇവിടേക്കുള്ള യുവാക്കളുടെ ഒഴുക്കും വര്‍ധിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി പരിശീലനത്തിന് 250ലധികം ഉദ്യോഗാര്‍ഥികള്‍ ഇപ്പോഴും എത്തുന്നുണ്ട്.
ജനറല്‍ കാറ്റഗറി, ക്ലാര്‍ക്ക്, ടെക്‌നിക്കല്‍, നഴ്‌സിങ് അസിസ്റ്റന്റ്, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് ആര്‍മി റാലി പ്രഖ്യാപിച്ചാല്‍ രണ്ടുമാസം മുന്‍പാണ് ബ്രെക്‌സയില്‍ പരിശീലനം ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 6.30 മുതല്‍ 9.30 വരെ നീളുന്നതാണ് കഠിന പരിശീലനങ്ങള്‍. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് പരിശീലനമെങ്കിലും വീട്ടിലിരുന്നു ചെയ്യാനുള്ള മുറകളും ട്രെയിനര്‍മാര്‍ നല്‍കും. പരിശീലന കാലയളവില്‍ തന്നെ ഉദ്യോഗാര്‍ഥികളെ പട്ടാളച്ചിട്ടയിലെത്തിക്കാന്‍ കഴിയുന്നു.
"ബ്രെക്‌സയുടെ പതിനാറു ബാച്ചുകളില്‍ നിന്നായി 906 യുവാക്കള്‍ ഇതിനകം സൈന്യത്തില്‍ ജോലി നേടിക്കഴിഞ്ഞു. പരിശീലന മികവില്‍ നാലുപേര്‍ ആര്‍മി ഓഫിസര്‍മാരായും ജോലി ചെയ്യുന്നു. കനത്ത ഫീസ് ഈടാക്കി ചില സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ആര്‍മി പരിശീലനക്കളരികളെ നിഷ്പ്രഭമാക്കി ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കിയാണ് ബ്രെക്‌സ ഈ നേട്ടം കൈവരിച്ചത്"
അനുഭവക്കരുത്തില്‍ പരിശീലകര്‍
രാജ്യസേവനം ജീവിതചര്യയാക്കിയ ഒരുപറ്റം വിമുക്ത ഭടന്മാരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ആയിരത്തിനടുത്ത് ഉദ്യോഗാര്‍ഥികളെ സൈനിക സേവനത്തിനു പ്രാപ്തരാക്കാന്‍ ബ്രെക്‌സയ്ക്കു സാധിച്ചത്. ഓരോ ഉദ്യോഗാര്‍ഥിയെയും പരിശീലിപ്പിക്കാന്‍ അനുഭവക്കരുത്തുമായി സൈന്യത്തിലും എന്‍.സി.സിയിലും പ്രവര്‍ത്തിച്ചവരുടെ നീണ്ടനിരയുണ്ട്. മേജര്‍ ഗോവിന്ദന്‍, കേണല്‍ ബി.കെ നായര്‍, കേണല്‍ ശശിധരന്‍, സുബേദാര്‍ ശ്രീനിവാസന്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. വിവിധ മേഖലകളില്‍നിന്നു കണ്ടും കേട്ടും ബ്രെക്‌സയുമായി സഹകരിക്കുന്നവര്‍ ഒട്ടേറെയാണ്. കുട്ടികള്‍ക്കു നല്‍കുന്ന സൗജന്യ എഴുത്തുപരീക്ഷാ, ശാരീരിക പരിശീലനം മനസിലാക്കി സ്വയം സന്നദ്ധരായി മുന്നോട്ടുവന്നവരായിരുന്നു ഭൂരിഭാഗവും.
പട്ടാളത്തില്‍ ജോലി നേടിയ പൂര്‍വവിദ്യാര്‍ഥികളും ലീവിനു നാട്ടിലെത്തിയാല്‍ ബ്രെക്‌സയിലെത്തി അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് ലക്ഷ്യത്തിലേക്കു മുന്നേറാന്‍ കൂടുതല്‍ പ്രചോദനമേകുമെന്ന് മേജര്‍ ഗോവിന്ദന്‍.
ജീവകാരുണ്യം, സാമൂഹ്യസേവനം '
ആര്‍മിയില്‍ ചേരാനായി പരിശീലനത്തിനെത്തുന്ന യുവാക്കളെ ഉപയോഗിച്ച് ജീവകാരുണ്യ മേഖലയിലും ഒരു സംഘടിത മുന്നേറ്റം നടത്തുന്നുണ്ട് ബ്രെക്‌സ. ബ്രണ്ണനിലെ പൂര്‍വവിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച രക്തദാന സേന ഇതിനുദാഹരണമാണ്. അവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നവരെ ആശുപത്രിയിലെത്തിക്കുക, കോളജുകള്‍, പ്രാദേശിക ക്ലബുകള്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രക്തദാന, രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കുക, കിടപ്പിലായ രോഗികള്‍ക്കും അശരണര്‍ക്കും സാന്ത്വനപ്രവര്‍ത്തനങ്ങള്‍ വഴി സഹായമെത്തിക്കുന്നുമുണ്ട്.
പട്ടാളക്കാരുടെ ജോലി അതിര്‍ത്തി കാക്കല്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള രാജ്യസേവനം കൂടിയാണെന്ന നിര്‍ബന്ധം കൂടിയാണ് ഇതിനു വഴിയൊരുക്കിയത്. തലശ്ശേരി ഗവ.ആശുപത്രിയില്‍ ബ്ലഡ് ബാങ്കിലേക്കു രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഉടന്‍ വിളിയെത്തുന്നത് ബ്രെക്‌സയിലേക്കാണ്. പട്ടാളത്തില്‍ ജോലി ലഭിച്ചവരുടെ സെന്റ് ഓഫ് നടത്താനായി തിരഞ്ഞെടുക്കുന്നതും പലപ്പോഴും വൃദ്ധസദനങ്ങളിലും കെയര്‍ ഹോമുകളിലുമായിരുന്നു. വൃദ്ധസദനങ്ങളിലേക്ക് ഒരു ദിവസത്തെ ഭക്ഷണവും അന്തേവാസികള്‍ക്കുള്ള മരുന്നുകളും ബ്രണ്ണന്‍ സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറും നല്‍കുന്നത് ഓരോ വര്‍ഷവും ബ്രെക്‌സയില്‍ നിന്നുള്ള പട്ടാളക്കാരുടെ സന്തോഷമാണ്.
ധര്‍മടം ബീച്ച്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയും വൃത്തിയാക്കല്‍ ബ്രെക്‌സയുടെ കടമകളില്‍ ഉള്‍പ്പെടുന്നു.
പുതിയ മേഖലകളിലേക്ക്
ഇന്ത്യന്‍ ആര്‍മിയിലെ അഞ്ച് കാറ്റഗറികളിലേക്ക് നല്‍കുന്ന പരിശീലനത്തിനു പുറമേ പുതിയ തൊഴില്‍ മേഖലകളിലും പരിശീലനം നല്‍കാന്‍ തയാറെടുക്കുകയാണ്. രണ്ടു കിലോമീറ്റര്‍ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ക്രിക്കറ്റ്‌ബോള്‍ ത്രോ, ഷോട്ട്പുട്ട്, റോപ് ക്ലൈംബിങ് തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും പരിശീലനം നല്‍കുക. സൈന്യത്തില്‍ ഓഫിസറാവാനുള്ള പരീക്ഷകളിലും ശാരീരിക പരീക്ഷകളിലും തീവ്രപരിശീലനം തുടങ്ങിയിട്ടുണ്ട്. ബ്രെക്‌സയെക്കുറിച്ച് കൂടുതലറിയേണ്ടവര്‍ക്കും സൗജന്യ ആര്‍മി പരിശീലനം ആഗ്രഹിക്കുന്നവര്‍ക്കും എപ്പോഴും 7012729144 എന്ന ഈ നമ്പറിന്റെ മറുതലക്കല്‍ മേജറുണ്ടാകും.
മേജര്‍ ഗോവിന്ദന്‍ എന്ന ആംബുലന്‍സ് ഡ്രൈവര്‍
സാന്ത്വന മേഖലയില്‍ സ്വയം മാതൃകയായ നിരവധി വ്യക്തികളുണ്ടെങ്കിലും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തം പാത വെട്ടിത്തെളിച്ച് മാതൃകയായ വ്യക്തിയാണ് മേജര്‍ ഗോവിന്ദന്‍.
തിരക്കുകള്‍ക്കിടയിലും കാന്‍സര്‍ കെയര്‍ സൊസൈറ്റി, സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, തലശ്ശേരി ഗവ. ആശുപത്രി എന്നിവിടങ്ങളില്‍ സജീവമാകാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ. കണ്ണൂരിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രധാന പ്രവര്‍ത്തകനാണ് മേജര്‍. നിരവധി ഗ്രാമങ്ങളില്‍ സമ്പൂര്‍ണ കാന്‍സര്‍മുക്ത ഗ്രാമമാക്കാനുള്ള യജ്ഞത്തിന്റെയും അമരക്കാരനാണ്. എല്ലാ തിരക്കുകളും ബുധനാഴ്ചകളില്‍ മേജര്‍ ഒഴിവാക്കും. ആ ദിവസം അദ്ദേഹം ആംബുലന്‍സ് ഡ്രൈവറാണ്.
തലശ്ശേരി ഗവ. ആശുപത്രിയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വിഭാഗം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിലെ ഡ്രൈവറായാണ് അന്ന് മേജര്‍ പ്രവര്‍ത്തിക്കുന്നത്. പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത രോഗികളെ സന്ദര്‍ശിക്കുന്നതും പരിചരിക്കുന്നതും തന്റെ കടമയായി കാണുന്ന മേജര്‍ പാലിയേറ്റിവിന്റെ ആംബുലന്‍സ് ഡ്രൈവറാകാന്‍ മാത്രമാണ് ലൈസന്‍സും ബാഡ്ജും എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."