ഭൂനികുതി ഓണ്‍ലൈന്‍വഴി: ഇ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നു
കൊല്ലം: ഓണ്‍ലൈനായി ഭൂനികുതി അടക്കുന്ന ഇ പേയ്‌മെന്റ് സംവിധാനം ജില്ലയില്‍ നിലവില്‍ വന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇ പേയ്‌മെന്റ് സംവിധാനത്തിലൂടെ കെട്ടിട നികുതി, റവന്യൂ റിക്കവറി, ആഡംബര നികുതി, പ്ലാന്റേഷന്‍ ടാക്‌സ്, പാട്ടം, പോക്കുവരവ് ഫീസ് തുടങ്ങി 34 തരം ടാക്‌സും ഫീസും ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
വില്ലേജ് തലം മുതല്‍ റവന്യൂ വകുപ്പിന് ജനസൗഹൃദ മുഖം നല്‍കുകയാണ് ലക്ഷ്യം. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ പരിഹരിക്കാനുള്ള ആര്‍ജവം ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ആധുനീകരിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ആദിച്ചനല്ലൂര്‍ വില്ലേജിലെ പ്ലാക്കാട് പുതുവീട്ടില്‍ വിശാലാക്ഷി അമ്മയാണ് ആദ്യമായി ഇ പേയ്‌മെന്റ് വഴി ഭൂനികുതി അടച്ചത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആദിച്ചനല്ലൂര്‍, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, കരുനാഗപ്പള്ളി, തേവലക്കര, പ•ന, കടയ്ക്കല്‍, മേലില, അഞ്ചല്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ 12 വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് ഓണ്‍ലൈനായി ഭൂനികുതി അടക്കാം. ഭൂവുടമക്ക് സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ഭൂവിവരങ്ങള്‍ ലിങ്ക് ചെയ്യാനും നികുതി ഒടുക്കാനും കഴിയും. റവന്യൂ ഇ പേയ്‌മെന്റ് സംവിധാനം ഇട്രഷറി പെയ്‌മെന്റുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ അടക്കുന്ന പണം നേരിട്ട് ട്രഷറികളിലെത്തും.
എസ് .ബി .ടി, എസ് .ബി .ഐ, കാനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഐ ഡി ബി ഐ, ഫെഡറല്‍ ബാങ്ക്, ഐ ഒ ബി എന്നിവയുടെ നെറ്റ് ബാങ്കിങ് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം. ജില്ലാ കലക്ടര്‍ മിത്ര .ടി, സബ് കലക്ടര്‍ ഡോ. എസ് .ചിത്ര, എ .ഡി. എം ഐ.അബ്ദുല്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."