യുവാവിന്റെ ദുരൂഹമരണം: പൊലിസുകാരനെതിരേ വകുപ്പുതല നടപടി
കല്‍പ്പറ്റ: കോഴിക്കോട് പേരാമ്പ്ര വെള്ളിയൂര്‍ സ്വദേശിയായ സതീശന് എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ വയനാട്ടിലെ കുറിച്ച്യര്‍മലയില്‍ മരിച്ച സംഭവത്തില്‍ കല്‍പ്പറ്റ എ.ആര് ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസറായ സഖിലിനെതിരേ വകുപ്പ് ശിക്ഷണ നടപടി സ്വീകരിച്ചു.
പൊലിസിലെ പണിഷ്മെന്റ് റൂള്‍ പ്രകാരം ഇയാളുടെ ഒരു ഇന്‍ക്രിമെന്റ് റദ്ദാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ശുപാര്‍ശയുണ്ട്. 2016 ജൂണിലാണ് സതീശനും സഖിലും ഉള്‍പ്പെടെയുള്ള സംഘം കുറിച്ച്യര്‍മലയില്‍ പോയത്. അവിടെവച്ചാണ് സതീശന്റെ മരണം സംഭവിച്ചത്. വൈത്തിരി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ തുടരന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് സതീശന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശപ്രകാരം പൊലിസ് വീണ്ടും കേസന്വേഷിക്കുകയും ചെയ്തു.
കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ചില സംശയങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."