മലയാളികള്‍ പൊങ്ങച്ചത്തിനു പിന്നാലെയാണെന്ന് മന്ത്രി ജി. സുധാകരന്‍
കോഴിക്കോട്: മുറിയന്‍ ഇംഗ്ലീഷ് സംസാരിച്ച് ഇല്ലാത്ത പൊങ്ങച്ചത്തിനു പിന്നാലെ നടക്കുകയാണ് മലയാളികളെന്ന് മന്ത്രി ജി. സുധാകരന്‍. കിളിയനാട് നിര്‍മിക്കുന്ന ജില്ലാ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് നമ്മുടെ നാട്ടിലൊക്കെ ഗ്രാമസേവകനുണ്ടായിരുന്നു. ഇപ്പോള്‍ അയാളുടെ പേര് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നാണ്. ക്ലര്‍ക്കിന്റേതാണ് ജോലി. പക്ഷെ ഓഫിസര്‍ എന്ന് കൂടെക്കൂട്ടിയതോടെ അയാള്‍ പഴയ സേവനം മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗം കൊണ്ടും സെമിനാര്‍ നടത്തിയും മാത്രം ജീവിച്ചുപോകുന്ന ചില ബുദ്ധിജീവികളുണ്ട് കേരളത്തില്‍. ഇവരെ നാടുകടത്തിയാല്‍ മാത്രമേ കേരളം നന്നാകൂ. ചിലര്‍ക്ക് പ്രശസ്തിയെല്ലാം അവരില്‍ കേന്ദ്രീകരിക്കണമെന്നാണ് ആഗ്രഹം. എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ല. പിന്നെയും പിന്നെയും അവര്‍ക്ക് തന്നെ കിട്ടിക്കൊണ്ടിരിക്കണം. ലോകം നമ്മളില്‍ തുടങ്ങി നമ്മളില്‍ തന്നെ അവസാനിക്കണമെന്നാണ് ഇത്തരക്കാരുടെ ആഗ്രഹമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കിളിയനാട് ലൈബ്രറി പരിസരത്ത് നടന്ന ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ പി. കിഷന്‍ചന്ദ്, ടി.സി ബിജുരാജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എ. ഗംഗാധരന്‍ നായര്‍, കെ.സി അബു, ടി.വി ബാലന്‍, ടി.വി ഉണ്ണികൃഷ്ണന്‍, എന്‍.വി ബാബുരാജ്, പി.ടി ആസാദ്, സി.പി ഹമീദ്, പി.ബി മുരളിബാസ്, ഗോപാലകൃഷ്ണന്‍ ചൂലൂര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍. ശങ്കരന്‍ സ്വാഗതവും വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈബ്രറി കെട്ടിടം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."