തെന്നലയില്‍ ലീഗിനെ തളയ്ക്കാനായില്ല
തിരൂരങ്ങാടി: തെന്നലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ ഇടതിനെ കനിഞ്ഞില്ല. കരുത്ത് തെളിയിച്ച് മുസ്‌ലിംലീഗ്. തെന്നല പഞ്ചായത്ത് മുസ്‌ലിംയൂത്ത് ലീഗ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ അഷ്‌റഫ് തെന്നല മറുകണ്ടം ചാടിയത് ഇടതുപക്ഷം തെരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു.
അഷ്‌റഫ് നിയാസ് പുളിക്കലകത്തിനുവേണ്ടി പരസ്യമായി രംഗത്ത് വരികയും പൊതുവേദികളില്‍ വരെ പ്രത്യക്ഷപ്പെടുകയും ചെയ്തത് സോഷ്യല്‍ മീഡിയകളില്‍ അടക്കം വന്‍ ചര്‍ച്ചയായിരുന്നു. സംഭവത്തോടെ പാര്‍ട്ടിയില്‍നിന്നും അഷ്‌റഫിനെ പുറത്താക്കുകയും ചെയ്തു. എല്ലാവരും ഉറ്റുനോക്കിയ തെന്നലയില്‍ പക്ഷേ ഭൂരിപക്ഷം വര്‍ധിക്കുകയാണ് ചെയ്തത്. അഷ്‌റഫ് 18 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പഞ്ചായത്തിലേക്ക് ജയിച്ചുകയറിയ നാലാം വാര്‍ഡില്‍നിന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ലഭിച്ചത് 143 വോട്ടുകളുടെ ഭൂരിപക്ഷമാണ്. അഷ്‌റഫിന്റെ സ്വന്തം വാര്‍ഡായ 13 ല്‍നിന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 108 വോട്ടുകളുടെ ലീഡ് ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് 154 ആയി ഉയര്‍ന്നു. മുസ്‌ലിംലീഗ് തനിച്ചുഭരിക്കുന്ന തെന്നലയില്‍ കോണ്‍ഗ്രസ്സുകാരില്‍ ഭൂരിഭാഗവും ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് രംഗത്തിറങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 1,369 ഉണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ 1800 ആക്കി ഉയര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി തിരിച്ചടിച്ചത്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ അബ്ദുറബ്ബിനെ കൈവെടിഞ്ഞപ്പോഴും ലീഡ് നിലനിര്‍ത്തിയ പഞ്ചായത്താണ് തെന്നല. നന്നമ്പ്ര, എടരിക്കോട്, പെരുമണ്ണ പഞ്ചായത്തുകളാണ് മറ്റുള്ളവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."