ഖത്തറില്‍ രണ്ടാം ദിനവും മഴ; റോഡുകള്‍ വെള്ളത്തില്‍
ദോഹ: രണ്ടാം ദിവസവും തുടരുന്ന മഴയില്‍ ഖത്തറിലെ റോഡുകള്‍ പലതും വെള്ളത്തിലായതോടെ ജനജീവിതം ദുസ്സഹമായി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ ഇന്നും തുടരുമെന്നാണ് പ്രവചനം.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ റോഡുകളിലും ടണലുകളിലും പൊതുയിടങ്ങളിലും നിറഞ്ഞ വെള്ളം നീക്കം ചെയ്യുന്നത് പരിസ്ഥിതി-നഗരസഭാ മന്ത്രാലയത്തിലെ റെയിന്‍ എമര്‍ജന്‍സി ടീം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ ലഭിക്കുകയെന്ന കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനത്തെ തുടര്‍ന്ന് മികച്ച മുന്നൊരുക്കത്തോടെയും കാര്യക്ഷമതയോടെയുമാണ് എമര്‍ജന്‍സി ടീം പ്രവര്‍ത്തിക്കുന്നത്.
നഗരത്തിലെ പ്രധാന സൂഖിനു ചുറ്റുമുള്ള റോഡുകളില്‍ വെള്ളം കെട്ടി നിന്നതു കാരണം സൂഖിനുള്ളില്‍ കയറാനാവാതെ ജനങ്ങള്‍ തിരിച്ചുപോവുകയാണ്. വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മഴ ആരംഭിച്ചതു മുതല്‍ തന്നെ വ്യത്യസ്ത നഗരസഭകളിലെയും മറ്റ് വകുപ്പുകളിലെയും എമര്‍ജന്‍സി വിഭാഗങ്ങളുമായി സഹകരിച്ച് വെള്ളം നീക്കം ചെയ്യുന്നതിനു തുടക്കം കുറിച്ചിരുന്നതായി റെയിന്‍ എമര്‍ജന്‍സി ടീം ലീഡര്‍ മുഹമ്മദ് സെയ്ഫ് തശാല്‍ അല്‍ഹാജിരി പറഞ്ഞു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പെട്ടെന്നു തന്നെ മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങളെയും മെഷിനറികളെയും മുന്‍കൂട്ടി സജ്ജമാക്കിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
24 മണിക്കൂറും സേവന നിരതരായിരിക്കുന്ന എമര്‍ജന്‍സി ടീം ഉംസലാല്‍, റയ്യാന്‍, അല്‍ഖോര്‍, ദആയിന്‍, ശമാല്‍, ശെയ്ഹാനിയ്യ, വക്‌റ, ദോഹ എന്നീ നഗരസഭയ്ക്കു പരിധികളില്‍ നിന്നായി 1.7 കോടി ഗാലന്‍ മഴവെള്ളം ഇതുവരെയായി നീക്കം ചെയ്യുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."