ബിയര്‍ പാര്‍ലര്‍: യോഗ്യതയുള്ളവര്‍ക്ക് ലൈസന്‍സ് നിഷേധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: അബ്കാരി ചട്ടമനുസരിച്ച് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്കു സര്‍ക്കാര്‍ നയത്തിന്റെ പേരില്‍ അനുമതി നിഷേധിക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു.
കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപമുള്ള ഹോട്ടല്‍ ഒലിവ് നെസ്റ്റിന് ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നിഷേധിച്ചതിനെതിരേ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹരജിക്കാരന്റെ അപേക്ഷ നിയമാനുസൃതം പരിഗണിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഒലിവ് നെസ്റ്റ് നല്‍കിയ അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു നല്‍കിയ അപേക്ഷ, ലൈസന്‍സ് അനുവദിക്കുന്നത് അബ്കാരി നയത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചു.
ഇതിനെതിരേ ഹോട്ടല്‍ അധികൃതര്‍ വീണ്ടും നല്‍കിയ ഹരജിയിലാണു ചട്ടമനുസരിച്ചു ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്കു നയത്തിന്റെ പേരില്‍ അനുമതി നിഷേധിക്കരുതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. അബ്കാരി നയമനുസരിച്ചു ബാര്‍ ലൈസന്‍സിനാണു നിയന്ത്രണമുള്ളതെന്നും ബിയര്‍ പാര്‍ലറുകളുടെ ലൈസന്‍സില്‍ ഇതിനു പങ്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."