ഹര്‍ത്താലിന് സമ്മിശ്രപ്രതികരണം
മലപ്പുറം: ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ജില്ലയില്‍ സമ്മിശ്ര പ്രതികരണം. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ ബസുകളും മോട്ടോര്‍ ടാക്സി വാഹനങ്ങളും സര്‍വിസ് നടത്തിയില്ല. കടകളും അടഞ്ഞുകിടന്നു. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
മലപ്പുറം സിവില്‍ സ്റ്റേഷനില്ലുള്പ്പടെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഹാജര്‍നില കുറവായിരുന്നു. മാര്‍ക്കറ്റുകളും അടഞ്ഞുകിടന്നു. ഹര്‍ത്താലനുകൂലികള്‍ ചിലയിടങ്ങളില്‍ വാഹനങ്ങളും തടഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം, മെഡിക്കല്‍ കൊളജ്, മറ്റ് ആശുപത്രി വാഹനങ്ങളെല്ലാം പ്രത്യേകം സ്റ്റിക്കര്‍ പതിച്ച് ഓടി. മഞ്ചേരി, കൊണ്ടോട്ടി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍, എടപ്പാള്‍ എന്നിവിടങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായി. മഞ്ചേരിയില്‍ നിത്യ മാര്‍ക്കറ്റ് ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. ഇരുചക്രവാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. മെഡിക്കല്‍ കോളജ് ജില്ലാ കോടതി ഉള്‍പ്പെടെ മറ്റ് ഓഫിസുകള്‍ പ്രവര്‍ത്തിച്ചു.
പൊന്നാനിയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതിന്റെ ചിത്രം പകര്‍ത്തിയ രണ്ടു പ്രാദേശിക ചാനല്‍ കാമറാമാന്മാരെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തു. മറ്റൊരു ചാനല്‍ കാമറാമാന്റെ കാമറ പിടിച്ചുവാങ്ങി തകര്‍ത്തു. എന്‍.സി.വി റിപ്പോര്‍ട്ടര്‍മാരായ നൗഷാദ്, പേജ് ടി.വി റിപ്പോര്‍ട്ടറായ ദനേഷ് എന്നിവരെയാണ് കൈയേറ്റം ചെയ്തത്. കിങ് ടി.വിയുടെ കാമറാമാനായ മുഷ്താഖിന്റെ കാമറയാണ് തകര്‍ത്തത്. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ചിലയിടത്ത് ഹര്‍ത്താല്‍ ദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടന്നു. വെന്നിയൂരില്‍ പ്രകടനമായെത്തിയ ഹര്‍ത്താലനുകൂലികള്‍ ഓട്ടോറിക്ഷാ ടയറിന്റെ കാറ്റ് തുറന്നുവിട്ടത് നേരിയ സംഘര്‍ഷമുണ്ടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."