ഹരിതകേരളം മിഷന്: ജില്ലയില്‍ ഡിസംബര്‍ എട്ടിന് തുടക്കമാകും
കോഴിക്കോട്: ശുചിത്വം, മാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, ജൈവകൃഷി എന്നിവ സംയോജിപ്പിച്ച് വിപുലമായ കര്‍മ പദ്ധതികളുമായി ഹരിതകേരളം മിഷന് ഡിസംബര്‍ എട്ടിന് ജില്ലയില്‍ തുടക്കമാകും. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു.
പൊതുകിണറുകള്‍ ഉള്‍പ്പെടെ നിലവില്‍ ഉപയോഗപ്രദമല്ലാത്ത ജലസ്രോതസുകള്‍ വൃത്തിയാക്കി സംരക്ഷിക്കും. ജലാശയങ്ങള്‍ ജലസംഭരണികളായി നിലനിര്‍ത്താനാവശ്യമായ പ്രവൃത്തികള്‍ ഏറ്റെടുക്കും. കൈത്തോടുകളും ജലവിഭവ വകുപ്പിന് കീഴിലുള്ള കനാലുകളും ശൂചീകരിച്ച് നീരൊഴുക്ക് സുഗമമാക്കും. മഴവെള്ളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നതിനും വെള്ളപ്പാച്ചില്‍ തടയുന്നതിനും കിണറുകളിലേക്കും മറ്റും ജലലഭ്യത വര്‍ധിപ്പിക്കുന്നതിനും മഴക്കുഴികള്‍ ശാസ്ത്രീയമായി നിര്‍മിക്കും.
സരോവരം ബയോ പാര്‍ക്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ജൈവ കൃഷി ചെയ്യും. ഹരിത കേരളം പരിപാടിയുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ എട്ടിന് നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ വാര്‍ഡ്തലങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ ശൂചീകരണ പ്രവൃത്തികള്‍ നടക്കും. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഡിസംബര്‍ രണ്ടിന് രാവിലെ 10ന് കലക്ടറേറ്റില്‍ ചേരും.
യോഗത്തില്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പുരുഷന് കടലുണ്ടി, ഇ.കെ വിജയന്, ജോര്‍ജ് എം. തോമസ്, ഡോ. എം.കെ മുനീര്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ.ഡി.എം ടി. ജനില്‍ കുമാര്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."