പാപ്പിനിശ്ശേരിയില്‍ കര്‍മസേന ഒരുങ്ങുന്നു
പാപ്പിനിശ്ശേരി: ദേശീയപാതയില്‍ വര്‍ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹായത്തോടെ ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്) പാപ്പിനിശ്ശേരി പഞ്ചായത്തില്‍ റോഡ് സുരക്ഷാ കര്‍മസേന രൂപീകരിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, വാര്‍ഡുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന വളണ്ടിയര്‍മാര്‍, പൊലിസ് എന്നിവരുടെ സഹകരണത്തോടെ കര്‍മസേനക്ക് രൂപം നല്‍കും. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും അഞ്ചു വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് നൂറുപേരെ പ്രവര്‍ത്തനത്തിനു സജ്ജരാക്കും. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വളണ്ടിയര്‍മാരായി പരിഗണിക്കും. പരിശീലനത്തിനു ശേഷം റോഡ് സുരക്ഷയ്ക്കു വേണ്ട പുസ്തകങ്ങള്‍, സി.ഡി, ഫസ്റ്റ് എയ്ഡ് എന്നിവ വളണ്ടിയര്‍മാര്‍ക്ക് നല്‍കും. കാല്‍നട യാത്രക്കാര്‍ക്കും പ്രദേശത്തെ സ്‌കൂളുകളിലും ബോധവല്‍ക്കരണം നടത്തും.
ഡിസംബര്‍ 20ന് കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനവും 22ന് യുവജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള പരിശീലനവും പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടക്കും. 21ന് കണ്ണൂര്‍ മേഖലയിലെ ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്കുള്ള ഏകദിന ശില്‍പ്പശാല മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പൊലിസ് സഹകരണ ഓഡിറ്റോറിയത്തില്‍ നടക്കും.
പാപ്പിനിശ്ശേരി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ നാറ്റ്പാക് കണ്‍സല്‍ട്ടന്റും റിട്ട. എസ്.പിയുമായ ടി.വി സതീഷ് മെമ്പര്‍മാര്‍ക്ക് ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി റീന അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ജയ്‌സണ്‍ മാത്യു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സ്‌കൂള്‍ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."