കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് -ബി.ജെ.പി അവിശുദ്ധ സഖ്യം: എല്‍.ഡി.എഫ്
കാസര്‍കോട്: കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാന്‍ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ സഖ്യത്തിന് നീക്കം നടക്കുന്നതിനായി എല്‍.ഡി.എഫ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മറ്റി. ഒരുവര്‍ഷം മുന്‍പ് നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങളുള്ള ബി.ജെ.പിയെ വൈസ് പ്രസിഡന്റാക്കാന്‍ സഹായിച്ചതിന് യു.ഡി.എഫ് അംഗങ്ങള്‍ പ്രത്യുപകാരമായാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കാന്‍ ബി.ജെ.പിയുമായി കൂട്ട് കെട്ട് നടക്കുന്നതെന്ന് എല്‍.ഡി.എഫ് വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണയുടെ തുടര്‍ച്ചയായാണ് ഈ നീക്കം. അവിശ്വാസം പാസാകണമെങ്കില്‍ ബി.ജെ.പിയുടെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. അവിശ്വാസം പാസായാല്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞ വര്‍ഷമുണ്ടാക്കിയ അവിശുദ്ധസഖ്യം തുടരാനാണ് നീക്കം നടത്തുന്നത്. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിനയത്തിനെതിരേ നിലപാടെടുത്തതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പത്രപ്രസ്താവന ഇറക്കിയിരുന്നു. അന്ന് സംസ്ഥാനവ്യാപകമായി ഈ അവിശുദ്ധ കൂട്ടുകെട്ട് ചര്‍ച്ചയായപ്പോള്‍ കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനായി മാധ്യമങ്ങളിലൂടെ പ്രസ്താവനയിറക്കിയെന്നല്ലാതെ യാതൊരു വിധ അച്ചടക്കനടപടിയും ഇവര്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നില്ല.
കോണ്‍ഗ്രസ് നയത്തിനെതിരേ നിലപാട് സ്വീകരിച്ചതിന് ഇവരോട് അംഗത്വം രാജിവെക്കാന്‍ നാളിതുവരെ ആവശ്യപ്പെടുകയോ വിപ്പ് ലംഘച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കി അംഗത്വം റദ്ദാക്കാന്‍ അപേക്ഷ സമര്‍പ്പക്കുകയോ ചെയ്തിട്ടില്ലെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
കുറ്റിക്കോല്‍ പഞ്ചായത്തില്‍ ആകെയുള്ള 16 വാര്‍ഡില്‍ ഏഴ് വാര്‍ഡ് എല്‍.ഡി.എഫിനാണ്. നാലു കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനും ഒരു ആര്‍.എസ്.പി അംഗവുമുള്‍പ്പെടെ ആറുപേരാണ് യു.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് മൂന്നംഗങ്ങളുണ്ട്. നിലവില്‍ കുറ്റിക്കോല്‍ പഞ്ചായത്തിന് അംഗങ്ങളില്ലെന്ന് പ്രസ്താവനയിറക്കിയ മണ്ഡലം പ്രസിഡന്റ് തന്നെയാണ് ഈ അവിശുദ്ധസഖ്യത്തിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടിസില്‍ ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ മണ്ഡലം പ്രസിഡന്റ് നേരിട്ടിടപെട്ടാണ് അവരെക്കൊണ്ട് ഒപ്പിടുവിച്ചതെന്ന് എല്‍.ഡി.എഫ് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ബേഡകം ഏരിയാസെക്രട്ടറി സി ബാലന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ലക്ഷ്മി, എ. ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."