മേള സമാപിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; പ്രതിഷേധം
കഠിനംകുളം: മേള സമാപിച്ചിട്ടും മത്സര വിജയികള്‍ക്കും പ്രതിനിധികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കി. സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടുന്നതില്‍ ഡി.ഡി.ഇ കാലതാമസം വരുത്തിയതാണ് നിശ്ചിത സമയത്തിനുള്ളിലെ വിതരണം തടസപ്പെടുത്തിയത്. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതി നല്‍കാനാണ് ഒരു കൂട്ടം രക്ഷിതാക്കളുടെ തീരുമാനം .
മത്സര ശേഷം അതാതു ദിവസങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു കഴിഞ്ഞ ആറ് വര്‍ഷമായുള്ള പതിവ്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയതിനെ തുടര്‍ന്നാണ് ഈ രീതി നടപ്പില്‍ വരുത്തിയത്. ഇത്തവണ ആദ്യദിനം തന്നെ അത് മുടങ്ങി. മത്സര വേദികളില്‍ ഇത് വലിയ ഒച്ചപ്പാടുമുണ്ടാക്കി.സമാപനദിവസം മുഴുവന്‍പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം
ചെയ്യുമെന്നായിരുന്നു ഇതിനു സംഘാടകര്‍ നല്‍കിയ മറുപടി.
സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ തയാറാക്കിയിരുന്നെങ്കിലും ഡി.ഡി.ഇ ഒപ്പിട്ടിരുന്നില്ല.ഇന്നലെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപെടുത്തി ലഭിക്കുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ .ഇവരുടെ അറിയിപ്പ് അനുസരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മത്സര വിജയികളായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നില്ല. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കി.
ഡി.ഡി.ഇ വൈകി എത്തിയതിനാല്‍ സമാപനസമ്മേളനത്തിനു മുന്‍പു മുഴുവന്‍ സര്‍ട്ടിഫിക്കറ്റും ഒപ്പിടാന്‍ സാധിച്ചില്ലെന്നും വൈകിട്ട് അഞ്ചോടെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് പൂര്‍ത്തിയാക്കിയെന്നുമാണ് അധികൃതര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ചുമതലപെട്ട ജില്ലാ കണ്‍വീനര്‍മാര്‍ വഴി സബ്ജില്ലാ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കുകയും അവര്‍ അത് സ്‌കൂളുകളില്‍ എത്തിക്കുകയും ചെയ്യുമെന്നാണ് വൈകി ലഭിക്കുന്ന വിവരം.
വര്‍ഷങ്ങള്‍ക്കു മന്‍പുവരെ ഈ രീതിയിലായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത് .എന്നാല്‍ ഈ നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് അതാതു ദിവസം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തുടങ്ങിയത്.270ലധികം മത്സര വിജയികള്‍ക്കും 2200ലേറെ മത്സരാര്‍ഥികള്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."