വി.കെ.സിക്കു യാത്രയയപ്പ്; പുതിയ മേയര്‍ക്കായി ചര്‍ച്ച സജീവം
കോഴിക്കോട്: ബേപ്പൂരില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വി.കെ.സി മമ്മദ്‌കോയ മേയര്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നു പകരക്കാരനു വേണ്ടി ചര്‍ച്ച തുടങ്ങി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്കു മുഖ്യമായും പരിഗണിക്കുന്നത്. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ ഈ സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. നിലവില്‍ കോഴിക്കോട്ടു മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് മേയറുള്ളത്. വി.കെ.സി ഒഴിവാകുന്ന സാഹചര്യത്തില്‍ ഒരു മുസ്‌ലിമിനെ തന്നെ മേയറാക്കുകയാണെങ്കില്‍ ബേപ്പൂരില്‍ പി.പി ബീരാന്‍കോയയെ പരിഗണിച്ചേക്കും. പാര്‍ട്ടി നിലപാടുകളില്‍ നിന്നു വ്യതിചലിക്കാത്ത കര്‍ക്കശ നിലപാടുള്ള ആളാണ് എം. രാധാകൃഷ്ണന്‍. കഴിഞ്ഞ കൗണ്‍സിലിലും മുന്‍പു ജില്ലാ പഞ്ചായത്തിലും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായി പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനു തുണയാകും. അതേസമയം, എല്ലാ വിഭാഗക്കാരുടെയും പിന്തുണ നേടാന്‍ ബാബുരാജിനു സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ തോട്ടത്തില്‍ രവീന്ദ്രനെ പരിഗണിക്കണമെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്നത് തോട്ടത്തിലിനു വിലങ്ങുതടിയാവും. സ്ഥാനമൊഴിഞ്ഞ മേയര്‍ വി.കെ.സി മമ്മദ്‌കോയ അരീക്കാട് വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൗണ്‍സിലര്‍ സ്ഥാനവും അദ്ദേഹം ഇന്നലെ രാജിവച്ചു. പ്രൊഫ. എ.കെ പ്രേമജം മേയര്‍ ആയിരിക്കെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം തുടരുകയായിരുന്നു. എന്നാല്‍, നിയമം മാറിയതോടെയാണ് വി.കെ.സിക്ക് കൗണ്‍സിലര്‍ പദവിയും ഒഴിയേണ്ടിവന്നത്.
കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. പി.എം സുരേഷ്ബാബു, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് എന്നിവരും നിയമസഭയിലേക്കു മത്സരിച്ചിരുന്നുവെങ്കിലും വിജയം തുണച്ചത് വി.കെ.സിയെ മാത്രമായിരുന്നു. സ്ഥാനമൊഴിഞ്ഞ വി.കെ.സിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. സ്ഥിരംസമിതി ചെയര്‍മാന്മാരായ കെ.വി ബാബുരാജ്, ആശാശശാങ്കന്‍, എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്‍, അഡ്വ. പി.എം നിയാസ്, നമ്പിടി നാരായണന്‍, അഡ്വ. തോമസ് മാത്യു പ്രസംഗിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ടി.പി സതീശന്‍ സ്വാഗതവും അഡീഷനല്‍ സെക്രട്ടറി കെ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."