ഫൈസല്‍വധം: ആര്.എസ്.എസ് നല്കിയ 'ഡമ്മി' പ്രതികളെ പൊലിസ് സ്വീകരിച്ചില്ല ഡമ്മി പ്രതികളെ നല്‍കാനുള്ള ശ്രമം ആര്.എസ്.എസിന്റെ പങ്ക് പുറത്തുവരാതിരിക്കാന്‍
തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആര്.എസ്.എസ് പങ്ക് മറയ്ക്കാന്‍ 'ഡമ്മി'പ്രതികളുമായി ആര്.എസ്.എസ് രംഗത്ത്. കേസില്‍ പിടികിട്ടാനുള്ള മൂന്നു മുഖ്യ പ്രതികള്‍ക്കും ഗൂഢാലോചന നടത്തിയ മൂന്നുപേര്‍ക്കും പകരമായാണ് ആര്.എസ്.എസ് 'ഡമ്മി' പ്രതികളുമായി അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ചത്. എന്നാല്‍ യഥാര്‍ഥ പ്രതികളുടെ പൂര്‍ണവിവരങ്ങള്‍ കൈവശമുള്ളതിനാല്ത്തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്.എസ്.എസ് നേതാക്കള്‍ നല്കിയ 'പ്രതികളെ' സ്വീകരിക്കാന്‍ തയാറായില്ല.
തിരൂര്‍ യാസര്‍ വധക്കേസിലെ പ്രതിയായിരുന്ന തിരൂര്‍ മഠത്തില്‍ നാരായണന് അടക്കം 14 പേരാണു കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലിസ് പറഞ്ഞു. ഇതില്‍ ഗൂഢാലോചനാകേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവര്‍ മഞ്ചേരി ജയിലില്‍ റിമാന്‍ഡിലാണ്.
ഇനി പിടികിട്ടാനുള്ളവരില്‍ മൂന്നുപേര്‍ ഗൂഢാലോചന നടത്തിയവരാണെന്നു പൊലിസ് പറഞ്ഞു. മൂന്നുപേര്‍ കൃത്യം നടത്തിയവരും. ഫൈസലിനെ കൊല്ലാനുള്ള പദ്ധതി നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നവരടക്കമുള്ള പ്രതികളില്‍ നിന്നും നാരായണന് ഏറ്റെടുക്കുകയായിരുന്നുവത്രെ. നാരായണന്റെ നിര്‍ദേശപ്രകാരമാണു മുഖ്യപ്രതികള്‍ കൃത്യം നടപ്പിലാക്കിയതെന്നും പൊലിസ് പറഞ്ഞു.
സംഭവശേഷം നാരായണന് ഒളിവിലാണ്. കഴിഞ്ഞദിവസം നാരായണന്റെ വീട് പൊലിസ് പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിടിയിലാവാനുള്ള പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം ഒരാളെക്കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫൈസലിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തുനിന്നും കൃത്യം നടത്താനെത്തിയവര്ക്കു വഴികാണിച്ചുകൊടുത്തത് ഇയാളാണെന്നാണു സൂചന. ഫൈസലിനെ കൊന്നത് താനാണെന്ന് കുറ്റം ഏറ്റെടുക്കാന്‍ ശ്രമംനടത്തിയത് ഇയാളാണ്. എന്നാല്‍ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണു ഡമ്മി പ്രതിയാണെന്നു ബോധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."