ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫിസര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ വൈകിട്ട് ഇറങ്ങി. ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ സ്ത്രീകള്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാവൂ എന്നാണു നിലവിലെ നിബന്ധന.
ചുരിദാര്‍ ധരിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതു സംബന്ധിച്ചു ഭക്തജനങ്ങളുമായി ആലോചിച്ചു തീരുമാനമെടുക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 29നാണു ഹൈക്കോടതി എക്‌സിക്യൂട്ടിവ് ഓഫിസറെ ചുമതലപ്പെടുത്തിയത്. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍, മാന്യമായി വസ്ത്രം ധരിച്ചു വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണു പറഞ്ഞിരുന്നത്.
കാലാകാലങ്ങളില്‍ സമൂഹത്തില്‍ ഉണ്ടാവുന്ന വസ്ത്ര ധാരണ രീതിയാണു ക്ഷേത്രത്തില്‍ അവലംബിച്ചു വരുന്നതെന്നും ചുരിദാര്‍ ഇപ്പോള്‍ വ്യാപകമായ നിലയ്ക്ക് അതു ധരിച്ചുവരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നതു ന്യായീകരിക്കാവുന്നതല്ലെന്ന വാദവും കണക്കിലെടുത്താണു പുതിയ തീരുമാനം. കാലം മാറിയതോടെ ക്ഷേത്രത്തില്‍ സൗണ്ട് സിസ്റ്റം, ടെലിഫോണ്‍, ക്യാമറ, സി.സി.ടി.വി. മെറ്റല്‍ ഡിറ്റക്ടര്‍, ഓട്ടോമാറ്റിക് സ്പീഡ് ഫോള്‍ഡിങ് ഡോര്‍ തുടങ്ങിയവയൊക്കെ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ കാലാനുസൃതമായ മാറ്റം ആകാമെന്ന് ക്ഷേത്രം അധികൃതരും നിലപാടെടുത്തു.
എന്നാല്‍, കാലങ്ങളായി നിലനില്‍ക്കുന്ന ആചാരം മാറ്റരുത് എന്നായിരുന്നു ക്ഷേത്രം തന്ത്രിയും ചില സംഘടനകളുടേയും നിലപാട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലും ഇതു സംബന്ധിച്ചു രണ്ടഭിപ്രായമാണുള്ളത്. കോടതി ഇടപെടലിനെത്തുടര്‍ന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ നേരത്തെ അനുവദിച്ചിരുന്നു. അതേസമയം, ഉത്തരവിറങ്ങിയിട്ടും ക്ഷേത്ര സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ ചുരിദാര്‍ ധരിച്ച സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. തങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയില്ലെന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."