എട്ടുകിലോ കഞ്ചാവുമായി മംഗളൂരുവില്‍ മലയാളി അറസ്റ്റില്‍
മംഗളൂരു: ദക്ഷിണ കാനറ ജില്ലയിലേക്ക് എട്ടുകിലോ കഞ്ചാവ് കടത്തിയ മലയാളി അറസ്റ്റില്‍. കാസര്‍കോട് കുമ്പള സ്വദേശി ഇബ്രാഹിം(38) ആണ് പമ്പുവെല്ലില്‍ വച്ച് സി.സി.ബി പൊലിസിന്റെ പിടിയിലായത്. ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി ഒരാള്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് മംഗളൂരുവില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ട് പമ്പ് വെല്‍ സര്‍ക്കിളില്‍ വാഹന പരിശോധന നടത്തവേ യുവാവ് വലയിലാവുകയായിരുന്നു. പുത്തൂരിലേക്ക് വില്പന നടത്താന്‍ കൊണ്ടുപോവുന്ന എട്ടുകിലോ കഞ്ചാവാണ് പിടികൂടിയത്. യുവാവിന്റെ കൈയിലുണ്ടായിരുന്ന അനധികൃതമായ രണ്ടുലക്ഷത്തി പത്തായിരം രൂപയും മൊബൈല്‍ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു. വിശാഖ പട്ടണത്തുനിന്നും കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളിലും കേരളത്തിലും വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്ന യുവാവാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. 2014 ല്‍ കഞ്ചാവ് വില്പന നടത്തവേ ഇയാള്‍ പിടിയിലായിരുന്നു. പിന്നീട് ഒളിവില്‍ പോയ യുവാവിനെതിരേ പൊലിസ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ കങ്കനാടി പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."