ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; ഏഴാണ്ട് തികഞ്ഞിട്ടും അന്വേഷണം ഇഴയുന്നു
കാഞ്ഞങ്ങാട്: പ്രമുഖ മതപണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം ഇഴയുന്നു. 2010 ഫെബ്രുവരി 15ന് രാവിലെയാണ് ചെമ്പരിക്ക മംഗളൂരു ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ കടുക്കക്കല്ലില്‍ അദ്ദേഹത്തിന്റെ ചെരുപ്പും വടിയും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത്രയും ഉയരത്തിലുള്ള ഈ കല്ലില്‍ ഖാസിക്ക് അര്‍ധരാത്രി തനിയെ കയറിച്ചെല്ലാന്‍ കഴിയുമായിരുന്നില്ല. സംഭവത്തിന് തലേ ദിവസം രാത്രി ഭക്ഷണം കഴിച്ച് വീട്ടില്‍ ഉറങ്ങാന്‍ കിടന്നിരുന്ന അബ്ദുല്ല മൗലവിയെ കടലില്‍ മരിച്ചു കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഉത്തര മലബാറിലെ തന്നെ പ്രമുഖ വ്യക്തിയായിരുന്ന അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമെന്ന സൂചന ഉണ്ടായിട്ടും ലോക്കല്‍ പൊലിസ് സംഭവത്തെ വളരെ ലാഘവത്തോടെ സമീപിക്കുകയും അബ്ദുല്ല മൗലവിയുടെ മരണത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങള്‍,വിവിധ സംഘടനകള്‍ എന്നിവരുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനും തുടര്‍ന്ന് സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറി. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും സി.ബി.ഐയും ലോക്കല്‍ പൊലിസിന്റെ പാത പിന്തുടര്‍ന്നതോടെ അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്താന്‍ ഏഴാണ്ട് പൂര്‍ത്തിയായിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവ നടന്ന ദിവസം കിട്ടാവുന്ന പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാന്‍ തയ്യാറാകാതെ പൊലിസ് അന്വേഷണം വഴി തെറ്റിച്ചതോടെയാണ് ഈ കേസ് ഇഴയാനിടയായത്.
2010 മാര്‍ച്ച് 24ന് കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയെങ്കിലും 2011ല്‍ ലോക്കല്‍ പൊലിസ് നിഗമനം തന്നെ രേഖപ്പെടുത്തി കേസന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ മുതിര്‍ന്നിരുന്നു. എന്നാല്‍, കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. അബ്ദുല്ല മൗലവിയുടെ കുടുംബവും വിവിധ ആക്ഷന്‍ കമ്മിറ്റികളും ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സി.ബി.ഐ വാദം കോടതി തള്ളുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതി കേസില്‍ പുനരന്വേഷണം നടത്താന്‍ സി.ബി.ഐയോട് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും കേസന്വേഷണത്തില്‍ നാളിത് വരെയായി യാതൊരുവിധ പുരോഗതിയുമില്ല. ചാന്ദ്രമാസ പ്രകാരം ഖാസിയുടെ വിയോഗത്തിന് ഇന്നേക്ക് ഏഴു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഇന്ത്യയിലെ പരമോന്നത അന്വേഷണ ഏജന്‍സി ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് കേസന്വേഷണത്തില്‍ ഉണ്ടായിട്ടുള്ളത്. അബ്ദുല്ല മൗലവിയുടെ കഴുത്തിലെ സി.6 ,സി.7 എന്നീ എല്ലുകള്‍ പൊട്ടിയതും കണ്‍കുഴികളില്‍ ഉണ്ടായ മുറിവുകളും വളരെ വിദഗ്ധമായ തരത്തില്‍ അദ്ദേഹത്തെ വകവരുത്തിയതാന്നെന്ന് സൂചിപ്പിക്കുമ്പോഴും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ജില്ലയിലെ ജാതിമത ഭേദമന്യേയുള്ള ഒട്ടനവധി ആളുകള്‍ ശക്തമായ പ്രതിഷേധത്തില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."