ഇപ്പോഴും തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത് അസാധു നോട്ടുകള്‍
കഞ്ചിക്കോട്: 500 - 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്കുള്‍പ്പെടെ വേതനമായി നല്‍കുന്നത് ഇപ്പോഴും അസാധുവായ നോട്ടുകള്‍. ഇതു മാറ്റിയെടുക്കാന്‍ ഒരു ദിവസം പണി ഒഴിവാക്കി ബാങ്കുകളില്‍ പോകേണ്ട സ്ഥിതിയിലാണ് തൊഴിലാളികള്‍ക്ക്.
പുതിയ നോട്ട് ആവശ്യപ്പെട്ടാല്‍ ഉടമകള്‍ അടുത്ത ദിവസം മുതല്‍ ജോലിക്കു വരേണ്ടെന്ന് പറയുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നോട്ട് മാറ്റിയെടുക്കല്‍ നിര്‍ത്തിയതും തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ആഴ്ചയില്‍ മുഴുവന്‍ ദിവസവും ജോലിയെടുത്താല്‍ ലഭിക്കുന്ന 3500-4000 രൂപ മാറ്റിയെടുക്കാന്‍ ആഴ്ചകളോളം കാത്തിരിക്കണം.
അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ തന്നെ ബാങ്കിങ് സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താ നുള്ള സാങ്കേതിക പ്രയാസവും ഇവര്‍ക്ക് വിനയായി തീര്‍ന്നിരിക്കുകയാണ്.
നോട്ട് അസാധുവാക്കല്‍ സാധാരണക്കാരെ ബുദ്ധിമുട്ടിലാഴ്ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വിഷയത്തില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ഇക്കൂട്ടര്‍ തന്നെയാണ്.
പഴയ നോട്ടുമായി ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ തന്നെ ഇവര്‍ക്ക് കിട്ടുന്നത് 2000 ത്തിന്റെ ഒറ്റനോട്ടാണ്. ഇതുവച്ച് ദൈനദിന ചിലവ് നിറവേറ്റാന്‍ സാധിക്കാറുമില്ല. ബാങ്കുകളില്‍ ചില്ലറ ക്ഷാമം പറഞ്ഞ് സാധാരണക്കാര്‍ക്ക് 2000 ത്തിന്റെ നോട്ട് നല്‍കുമ്പോള്‍ പരിചയക്കാര്‍ക്ക് ബാങ്ക് ജീവനക്കാര്‍ ചില്ലറ വാരികോരി നല്‍കുന്നതായും ആക്ഷേപമുണ്ട്.
നോട്ട് അസാധുവാക്കല്‍ പ്രാബല്യത്തില്‍ വന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകള്‍ ഘട്ടഘട്ടമായി നിര്‍ത്തികൊണ്ടിരിക്കുകയാണ്.
ഈ അവസ്ഥ തുടര്‍ന്നാല്‍ ജില്ലയിലെ നിര്‍മ്മാണ തൊഴിലാളി കുടുംബങ്ങളുള്‍പ്പെടെയുള്ളവര്‍ പട്ടിണിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."