ഗതാഗത പരിഷ്‌കരണം ചരക്കുവാഹനങ്ങള്‍ അഞ്ചങ്ങാടി വഴി തിരിച്ചുവിടുന്നതിനെതിരേ പ്രതിഷേധം
ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടെയിനര്‍ ലോറികള്‍ ഉള്‍പടെയുളള ഭാരം കൂടിയ വാഹനങ്ങള്‍ ദേശീയ പാതയിലെ മുല്ലത്തറ ജങ്ഷനില്‍ നിന്ന് ബ്ലാങ്ങാട് ബീച്ചിലൂടെ അഞ്ചങ്ങാടി, മൂന്നാം കല്ല് പാലം വഴി ചേറ്റുവ ഭാഗത്തേക്ക് കടത്തി വിടാനുള്ള ചാവക്കാട് ട്രാഫിക് ക്രമീകരണ സമിതിയുടെ നീക്കത്തിനെതിരെ കടപ്പുറം പഞ്ചായത്തില്‍ വന്‍ പ്രതിഷേധം.
വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യുവജന സംഘനടകളുടേയും സാംസ്‌കാരിക സംഘടനകളുടേയും സംയുക്ത യോഗത്തിലാണ് ട്രാഫിക് ക്രമീകരണ സമിതിക്കെതിരെ പ്രതിഷേധം ശക്തമായത്. ചാവക്കാട് നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി ചമ്രവട്ടം, എറണാകുളം ഭാഗത്ത് നിന്ന് ചരക്കുമായി കടക്കുന്ന ഭാരക്കൂടുതലുള്ള വാഹനങ്ങള്‍ വഴി മാറ്റിവിടാന്‍ ബന്ധപ്പെട്ട വിദഗ്ധരുമായി ആലോചിച്ച് പഠിച്ചശേഷമെ തീരമാനമുണ്ടാകൂവെന്നാണ് കഴിഞ്ഞ യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കിയത്.
എന്നാല്‍ നഗരത്തില്‍ പ്രവേശിക്കാതെ ഇത്തരം വാഹനങ്ങള്‍ കടന്നുപോകാനുള്ള ദിശാസൂചിക ബോര്‍ഡുകള്‍ ഇപ്പോള്‍ തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു. ദേശീയ പാതയിലൂടെയും സംസ്ഥാന പാതയിലൂടേയും സഞ്ചരിക്കേണ്ടതായ ഭാരം കയറ്റിയ വാഹനങ്ങള്‍ വളരെ വീതി കുറഞ്ഞ, നടപ്പാതപോലുമില്ലാത്തന്മ അപകട സാധ്യത കുടുതലുളള ബ്ലാങ്ങാട് അഞ്ചങ്ങാടി അഹമ്മദ്കുരിക്കള്‍ റോഡിലുടെ കടത്തിവാടാനുള്ള നീക്കം അധികൃതര്‍ക്ക് ഇക്കാര്യത്തിലുള്ള അവധാനക്കുറവാണ് വിളിച്ചറിയിക്കുന്നത്.
ഈ നീക്കവുമായി മുന്നോട്ട്‌പേകാനാണ് ട്രാഫിക് സമിതി തീരുമാനമെങ്കില്‍ അതിനെ നിയമപരമായി നേരിടാന്‍ സമരപരിപാടികള്‍ രുപപ്പെടുത്തുന്നതിന് സര്‍വകക്ഷി സംഘത്തെ യോഗം തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അധ്യക്ഷനായി. ആര്‍.കെ ഇസ്മായില്‍ (മുസ്ലിം ലീഗ്), എം.എം ജബ്ബാര്‍ (കോണ്‍ഗ്രസ്സ്), ടി.കെ രവീന്ദ്രന്‍ (സി.പി.എം), എ.കെ അര്‍ജുനന്‍( സി.പി.ഐ ), ബി.വി.എം ഹുസൈന്‍തങ്ങള്‍ (വെല്‍ഫെയര്‍പാര്‍ട്ടി), കെ.എച്ച് ഷാജഹാന്‍ (എസ്.ഡി.പി.ഐ ), രാജുശിവാനന്ദന്‍(ബി.ജെ.പി), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ അബൂബക്കര്‍ ഹാജി, ഷാജിത ഹംസ, ടി.സി ചന്ദ്രന്‍, ജില്ലാപഞ്ചായത്തംഗം ഹസീന താജുദ്ധീന്‍, പഞ്ചായത്തംഗം പി.വി ഉമ്മര്‍കുഞ്ഞി സ്വാഗതവും വൈസ് പ്രസിഡന്റ് മൂക്കന്‍ കാഞ്ചന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."