മലയാളഭാഷാശൈലിയെ സമഗ്രമായി പരിഗണിക്കുന്നില്ലെന്ന്
തൃശൂര്‍: ഭാഷയിലെ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്ന പണ്ഡിതന്മാര് പലപ്പോഴും മലയാളഭാഷാശൈലിയെ സമഗ്രമായി പരിഗണിക്കുന്നില്ലെന്ന് ഡോ.ടി.ബി.വേണുഗോപാലപ്പണിക്കര്‍ പറഞ്ഞു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സംഘടിപ്പിച്ച പ്രൂഫ് വായന ശില്പശാലയില് മലയാളഭാഷ: വ്യാകരണാധിഷ്ഠിതസമീപനം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയവിനിമയത്തിന് കരുത്തുപകരുകയും എളുപ്പമാക്കിത്തീര്ക്കുകയുമാണ് ഭാഷയുടെ ദൗത്യം. ഭാഷയുടെ നിയമങ്ങള്‍ മനുഷ്യരുടെ സാമൂഹ്യജീവിതത്തില്‍നിന്നും ഉടലെടുക്കുന്നതാണ്. മാറുന്ന സമൂഹ്യസാഹചര്യങ്ങള്ക്കനുസരിച്ച് ഭാഷയില്‍ മാറ്റം വന്നുചേരുമെന്നും വേണുഗോപാലപ്പണിക്കര്‍ പറഞ്ഞു. കെ.പി.ശങ്കരന് മോഡറേറ്ററായിരുന്നു.
ഭാഷയിലെ ശുദ്ധീകരണപ്രക്രിയ നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഫലപ്രാപ്തിയിലെത്തുകയെന്ന് സമകാലികപുസ്തകങ്ങളും ഭാഷാവൈകല്യങ്ങളും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണന് പറഞ്ഞു. കെ.കെ ശ്രീരാജ്, എസ് അഴഗിരി ക്ലാസ്സെടുത്തു. സമാപനയോഗത്തില്‍ അക്കാദമി പ്രസിഡണ്ട് വൈശാഖന് പ്രതിനിധികള്‍ക്കായുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. ഈ.ഡി ഡേവീസ്, അനില്‍ മാരാത്ത്, പുഷ്പജന്‍ കനാരത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."