പൊലിസ് സ്റ്റേഷന് മുന്നില്‍ ഡോക്ടറുടെ നാടകീയ സംഭവങ്ങള്‍
ചെറുതുരുത്തി: കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ചെറുതുരുത്തി പഞ്ചകര്‍മ ആയുര്‍വേദ റിസേര്‍ച്ച് സെന്ററിലെ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ ചെറുതുരുത്തി പൊലിസ് സ്റ്റേഷന് മുന്നില്‍ കണ്ടെത്തിയത് ഏറെ നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഡോക്ടറാണ് ഇന്നലെ രാവിലെ ഇന്നര്‍ ബനിയനും, പാന്റും ധരിച്ച് പൊലിസ് സ്റ്റേഷന് മുന്നില്‍ നിലകൊണ്ടത്. കഴിഞ്ഞ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു എന്നാല്‍ ആശുപത്രിക്ക് പുറത്താണ് ഡോക്ടര്‍ താമസിക്കുന്നത് എന്നതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്ക് ഡോക്ടറെ കുറിച്ച് വലിയ വിവരമില്ലായിരുന്നു.
ഇന്നലെ രാവിലെ ഡോക്ടര്‍ പൊലിസ് സ്റ്റേഷന് മുന്നില്‍ നില്‍ക്കുന്ന വിവരം നാട്ടുകാരാണ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും ജീവനക്കാരും വാഹനവുമായി എത്തിയെങ്കിലും ഡോക്ടര്‍ കയറാന്‍ തയ്യാറായില്ല. ഇതോടെ ചെറുതുരുത്തി പൊലിസ് പ്രശ്‌നത്തില്‍ ഇടപെടുകയും വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.പത്മജ, വൈസ് പ്രസിഡന്റ്് എം. സുലൈമാന്‍ എന്നിവര്‍ സ്ഥലത്തെത്തി ഡോക്ടറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് ആശുപത്രിയില്‍ മതിയായ പരിഗണന ലഭിക്കുന്നില്ലെന്നും സ്ഥലമാറ്റം നല്‍കുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ആശുപ ത്രിയിലേക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചു. ഇതോടെ സംഗതി വലിയ പുലിവാലായി. ഒടുവില്‍ പൊലിസും ജനപ്രതിനിധികളും ഏറെ നേരം ഡോക്ടറുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഇദ്ദേഹം ആശുപത്രിയിലേക്ക് മടങ്ങാന്‍ തയ്യാറായത്. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട സംഭവ വികാസങ്ങള്‍ക്കും സമാപന മായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."