നാടെങ്ങും പഴശ്ശി ദിനാചരണം നടത്തി
മാനന്തവാടി: പഴശ്ശിരാജാവിന്റെ 212ാം ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
മാനന്തവാടി നഗരസഭ, മാനന്തവാടി പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍, വിവിധ ഗ്രാമപഞ്ചായത്തുകള്‍, കേരള പുരാവസ്തു വകുപ്പ്, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ല ലൈബ്രറി കൗണ്‍സില്‍, പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നവംബര്‍ 15ന് പനമരത്ത് നടന്ന തലക്കല്‍ ചന്തു അനുസ്മരണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ദീപശിഖാ പ്രയാണം, പഴശ്ശികുടീരത്തില്‍ പുഷ്പാര്‍ച്ചന, പഴശ്ശികുടീരത്തിലേക്ക് സ്മൃതിയാത്ര എന്നിവ നടത്തി. പുല്‍പ്പള്ളി മാവിലാംതോടില്‍ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് പരിസരത്തു വെച്ച് ദീപശിഖ ഒ.ആര്‍ കേളു എം.എല്‍.എ ഏറ്റുവാങ്ങി.
തുടര്‍ന്ന് പഴശ്ശി ഗ്രന്ഥാലയത്തില്‍ വെച്ചു നടന്ന ചരിത്ര സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാറുഖ് കോളജ് ചരിത്ര വിഭാഗം മേധാവി എം.ആര്‍ മന്മഥന്‍ 'പഴശ്ശിരാജ ചരിത്രവും ആഖ്യാനങ്ങളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പരിപാടികളുടെ ഭാഗമായി മാനന്തവാടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വിവിധ കലാ പരിപാടികളും അരങ്ങേറി. ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 29ന് വള്ളിയൂര്‍ക്കാവ് മൈതാനത്തില്‍ വെച്ചു നടന്ന അഖില വയനാട് പരമ്പരാഗത അമ്പെയ്ത്ത് മത്സരത്തില്‍ രാജന്‍ മൂത്തേടത്ത് പുരുഷവിഭാഗത്തിലും, സുജാത പാലോട്ട് വനിതാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി.
പുല്‍പള്ളി: വയനാട് സിറ്റി ക്ലബിന്റെ ആഭിമുഖ്യത്തില്‍ പഴശ്ശിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പഴശ്ശി വീരമൃത്യു വരിച്ച മാവിലാം തോട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പഴശ്ശി അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.
സി.ഡി ബാബു അധ്യക്ഷനായി. ചരിത്ര സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.യു ഉലഹന്നാന്‍, കെ.ജെ ജോസ്, പി.എ ഡീവന്‍സ്, ബെന്നി മാത്യു, കെ.ആര്‍ ജയരാജ്, ടി.എം ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."