രഞ്ജിയില്‍ കൃഷ്ണഗിരി കീഴടക്കി ഒഡിഷ മഹാരാഷ്ട്ര അടിയറവ് പറഞ്ഞത് ഇന്നിങ്‌സിനും 118 റണ്ണിനും
കൃഷ്ണഗിരി: ആദ്യദിനം തകര്‍ച്ചയുടെ വക്കില്‍ നിന്നും പോരാടി നേടിയ 319 റണ്‍ തന്നെ അധികമായിരുന്നു ഒഡിഷക്ക് മഹാരാഷ്ട്രയെ ചാരമാക്കാന്‍. കേവലം ഒറ്റ ദിവസം കൊണ്ട് മഹാരാഷ്ട്രയുടെ രണ്ടിന്നിങ്‌സും അവസാനിപ്പിച്ച ഒഡിഷന്‍ ബൗളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ് ഈ ത്രസിപ്പിക്കുന്ന വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യദിനം ബാറ്റിങ് ആരംഭിച്ച ഒഡീഷയുടെ മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും മധ്യനിരയിലെ ബാറ്റ്‌സ്മാന്‍മാര്‍ പൊരുതി നേടിയതാണ് 319 റണ്‍ എന്ന ടീം ടോട്ടല്‍. ഇതില്‍ ബിപ്‌ലബ് സാമന്ത്രെയുടെ 89 റണ്ണും ദീപക് ബെഹ്‌റയുടെ 58 റണ്ണും എടുത്തുപറയേണ്ടതാണ്. ഇവര്‍ തമ്മിലുള്ള ഏഴാംവിക്കറ്റ് കൂട്ടുക്കെട്ടാണ് ഒഡിഷക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ആദ്യദിനത്തിലെ സ്‌കോറായ 311ലേക്ക് 16 പന്തുകള്‍ നേരിട്ട വാലറ്റം എട്ട് റണ്‍ കൂട്ടിച്ചേര്‍ക്കവെ ഒഡിഷയുടെ ഒന്നാമിന്നിങ്‌സ് അവസാനിച്ചിരുന്നു. തലേന്ന് നാലു വിക്കറ്റ് നേടിയ സങ്ക്‌ലേച്ചക്ക് ഒരു വിക്കറ്റ് കൂടി സമ്മാനിച്ചായിരുന്നു ഒഡിഷന്‍ ഇന്നിങ്‌സിന്റെ അവസാനം. തുടര്‍ന്നാണ് അവിശ്വസനീയമായ രീതിയിലേക്ക് മത്സരം മാറിയത്. മഹാരാഷ്ട്രയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 15ല്‍ നില്‍ക്കേ ക്യാപ്റ്റനും ഓപ്പണറുമായ സ്വപ്നില്‍ ഗോഖലയെ സൂര്യകാന്ത് പ്രധാന്‍ വികറ്റ് കീപ്പര്‍ സൗരഭ് റാവത്തിന്റെ കൈകളിലെത്തിച്ചു. ഇതോടെ മഹാരാഷ്ട്രയുടെ തകര്‍ച്ചയും തുടങ്ങി. തുടര്‍ന്നെത്തിയ എന്‍.എസ് ഷെയിക്കിനെ അക്കൗണ്ട് തുറക്കും മുന്‍പേ ബസന്ത് മൊഹന്തി വികറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഊഴം ഓപ്പണര്‍ ഹര്‍ഷദ് ഖാദിവാലയുടേതായിരുന്നു. ദീപക് ബെഹ്‌റയുടെ പന്തില്‍ അഭിഷേക് യാദവിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു ഹര്‍ഷദ്. പകരമെത്തിയ എ.ആര്‍ ഭവാന്‍ സൂര്യകാന്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പറുടെ കൈകളിലവസാനിച്ചു. അടുത്ത ഊഴം ത്രിപാതിയുടേതായിരുന്നു. അക്കൗണ്ട് തുറക്കും മുന്‍പേ സൂര്യകാന്ത് പ്രധാന്‍ ത്രിപാതിയെ സന്ദീപ് പട്‌നായികിന്റെ കൈകളിലെത്തിച്ചു. ഇതോടെ 40ന് അഞ്ച് എന്ന ദയനീയ നിലയിലായി മഹാരാഷ്ട്ര. പിന്നീടെത്തിയവരെല്ലാം പവലിയനിലെത്താന്‍ മത്സരിച്ചു. ഇതോടെ 94ല്‍ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു. സൂര്യകാന്ത് പ്രധാന്‍ നാലും ബസന്ത് മൊഹന്തി, ദീപക് ബെഹ്‌റ എന്നിവര്‍ മൂന്നുവീതം വിക്കറ്റും വീഴ്ത്തിയാണ് മഹാരാഷ്ട്രയെ തകര്‍ത്തത്. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങിയ മഹാരാഷ്ട്ര വീണ്ടും ബാറ്റിങ്ങിനിറങ്ങി. എന്നാല്‍ സംഹാര താണ്ടവമാടിയ ഒഡിഷന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.
ഒഡിഷയെ ബാറ്റിങ്ങില്‍ മുന്നില്‍ നിന്ന് നയിച്ച ബിപ്‌ലബ് സാമന്ത്രെ ബൗളിങ്ങിലും ചാട്ടുളിയായപ്പോള്‍ മഹാരാഷ്ട്ര രണ്ടാമിന്നിങ്‌സിലും തകര്‍ന്നടിഞ്ഞു. ബിപ്‌ലബ് നാലും സൂര്യകാന്ത് പ്രധാന്‍ മൂന്നും ബസന്ത് മൊഹന്തി രണ്ടും ദീപക് ബെഹ്‌റ ഒരു വിക്കറ്റും വീഴ്ത്തിയാണ് മഹാരാഷ്ട്രയെ ചുരുട്ടിക്കൂട്ടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വി.വി മോറെയും ബൗളര്‍ സങ്ക്‌ലേച്ചയും മാത്രമാണ് പിടിച്ചു നിന്നത്. മോറെ 29ഉം സങ്ക്‌ലേച്ച 22ഉം റണ്‍ നേടി പൊരുതാനുള്ള ശ്രമം നടത്തി. എന്നാല്‍ ഇതും ഫലം കണ്ടില്ല. ഇതോടെ 107 റണ്ണിന് മഹാരാഷ്ട്രയുടെ രണ്ടാമിന്നിങ്‌സും അവസാനിച്ചു. ഇതോടെ കൃഷ്ണഗിരി ഇന്നിങ്‌സിനും 118 റണ്ണിനും ഒഡീഷ കീഴടക്കുകയായിരുന്നു. ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും ഒരുപോലെ തിളങ്ങിയ ബിപ്‌ലബ് സാമന്ത്രെയാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."