പണമില്ലാതെ എ.ടി.എമ്മുകള്‍; വലയുന്നത് ഉദ്യോഗസ്ഥരും പ്രവാസികളും
ചീമേനി: മൂന്ന് എ.ടി.എം കൗണ്ടറുകളുണ്ടായിട്ടും പണം ലഭിക്കാതെ ചീമേനിയിലെ ജനങ്ങള്‍ വലയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്കുകളുടെ ഓരോന്നും ടാറ്റ ഇന്‍ഡികേഷിന്റെ ഒന്നുമുള്‍പ്പെടെ മൂന്നു എ.ടി.എം കൗണ്ടറുകളാണു ചീമേനിയിലുള്ളത്. ഇതില്‍ ധനലക്ഷ്മിയുടെതു ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എസ്.ബി.ഐയുടേതു തകരാറിലായിക്കിടക്കുകയാണ്. ടാറ്റയുടേതാകട്ടെ ഒരു മാസമായി അടഞ്ഞ നിലയിലുമാണ്. എന്‍ജിനിയറിങ് കോളജ്, തുറന്ന ജയില്‍, ആറോളം സ്‌കൂളിലെ ജീവനക്കാര്‍ തുടങ്ങി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ വരെ ആശ്രയിക്കുന്നത് ചീമേനി ടൗണിലെ എ.ടി.എമ്മുകളെയാണ്.
ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും പ്രവാസികളും പ്രതീക്ഷയോടെ വന്ന് എ.ടി.എം കൗണ്ടറിനരികിലെത്തി നിരാശരായി മടങ്ങുകയാണ്. ബാങ്കുകളിലാകട്ടെ നിക്ഷേപിച്ച പണം പോലും ലഭിക്കാത്ത അവസ്ഥയുമാണ്. നോട്ട് പിന്‍വലിച്ചതിലൂടെ ഏറ്റവും ദുരിതമനുഭവിക്കുന്നതു മലയോരവാസികളാണ്. സഹകരണ ബാങ്കുകളെ മാത്രം ആശ്രയിച്ചിരുന്ന തൊഴിലാളികളും ക്ഷേമ പെന്‍ഷന്‍കാരും നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനാവാതെ ദുരിതമനുഭവിക്കുകയാണ്. മണി എക്‌സ്‌ചേഞ്ച് മുഖേന പണമയച്ച പ്രവാസികളുടെ ബന്ധുക്കള്‍ക്കു നാട്ടില്‍ നിന്നു പണം ലഭിക്കാത്തതും ചെറുകിട കടക്കാര്‍ 'സാധനങ്ങള്‍ കടം നല്‍കില്ലെന്നു' ബോര്‍ഡ് വച്ചതും മലയോരവാസികളെ വെട്ടിലാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."